കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന സ്വര്‍ഗീയ കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് അര്‍ദ്ധകായ പ്രതിമയൊരുങ്ങുന്നു. മാരാര്‍ജിയുടെ 92-ാമത് ജന്മദിനമായ സെപ്തംബര്‍ 17 ന് രാവിലെ 10 മണിക്ക് പ്രതിമ അനാച്ഛാദനം ചെയ്യും.
പയ്യാമ്പലത്ത് നിരവധി പേരുടെ സ്മൃതികുടീരമുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലുള്ള അര്‍ദ്ധകായ പ്രതിമ ഉയരുന്നത്. പ്രശസ്ത ശില്‍പി ഉണ്ണി കാനായിയാണ് പ്രതിമ നിര്‍മ്മിക്കുന്നത്. വൃത്താകൃതിയില്‍ ആകെ 12 അടി ഉയരത്തിലാണ് മണ്ഡപമൊരുങ്ങുന്നത്. അര്‍ദ്ധകായ പ്രതിമയ്‌ക്ക് മാത്രം മൂന്നരയടി ഉയരമുണ്ട്. ദിനംപ്രതി നൂറുകണക്കിനാളുകളെത്തിച്ചേരുന്ന പയ്യാമ്പലം അതിപ്രശസ്തരായ നിരവധിപേര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്.
സമൂഹത്തിന് മാതൃകയായ നിസ്വാര്‍ത്ഥനായ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു മാരാര്‍ജി. മാരാര്‍ജിയുടെ വിലാപയാത്രയില്‍ പതിനായിരങ്ങളാണ് കണ്ണൂരില്‍ പങ്കെടുത്തത്. ജാതിമത ഭേദമന്യേ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സമാജപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു. അദ്ദേഹം വിടപറഞ്ഞ് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ പുതുതലമുറയ്‌ക്ക് അദ്ദേഹത്തിന്റെ ജീവിതം അനുഭവ ഭേദ്യമാക്കുകയെന്നത് കൂടി പ്രതിമ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമാണ്.
















