തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആര് എല്‍ അഴിമതിക്കേസില്‍ നിന്നും രക്ഷിക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ചോദിച്ചു. സ്വന്തം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിനെ കോടതിയില്‍ പ്രതിരോധിക്കാന്‍ അവര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്.
പിണറായിയെ രക്ഷിക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് – സിപിഎം ധാരണയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവിച്ചു. ബുധനാഴ്ച വന്ന സുപ്രീംകോടതി ഉത്തരവ് അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന പിണറായി വിജയന്റെ വലിയ വിജയമാണെന്ന് ഉയര്‍ത്തിക്കാട്ടാന്‍ സിപിഎം ശ്രമിക്കുന്നതിന് മുമ്പ് അവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സുപ്രീം കോടതി എഫ് ഐ ആര് റദ്ദാക്കിയിട്ടില്ല. സി എം ആര് എല്‍ അഴിമതിയുമായി ബന്ധപ്പെട്ട ഇഡി കേസ് തടഞ്ഞിട്ടുമില്ല.
പിണറായിയുടെ അപ്പീല്‍ ഹൈക്കോടതിക്ക് പരിഗണിക്കാന്‍ വേണ്ടി അന്വേഷണം ഏഴ് ദിവസത്തേക്ക് മാത്രമാണ് നിര്‍ത്തിവച്ചത്. സംസ്ഥാന സര്‍ക്കാര്‍ തന്നെ എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്നും കോടതി ചോദിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് -ലീഗ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രസംഗിച്ചപ്പോഴാണ് പിണറായി വിജയന് ജയിലില്‍ പോകണമെന്ന് പറഞ്ഞത്. എന്നാല്‍ ഇന്ന്, അദ്ദേഹത്തിന്റെ പാര്‍ട്ടി കോടതിയില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ പോലും തയാറാകുന്നില്ല. ഇതും രാഹുല്‍ ഗാന്ധിയുടെ തട്ടിപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സുപ്രീംകോടതി ഉത്തരവ് ബിജെപി ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ്. രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് പിണറായി വിജയനെ സംരക്ഷിക്കുകയാണ്. സിപിഎം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കനിവിനായി കാത്തുനില്ക്കുന്ന അവസ്ഥയിലാണ്. കോണ്‍ഗ്രസും സിപിഎം കേരളത്തില്‍ രണ്ടല്ല, ഒന്നായി മാറിക്കഴിഞ്ഞു- രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.















