ജാതകദോഷം, ജോലി ,വിദ്യാഭ്യാസം എന്നീ പല കാരണങ്ങളാൽ ചിലരുടെ വിവാഹം നീണ്ടുപോവാറുണ്ട് .വിശദമായ ജാതകപരിശോധനയിലൂടെ പരിഹാരങ്ങൾ ചെയ്‌താൽ ഒരു പരിധിവരെ വിവാഹതടസ്സങ്ങൾ മാറും. പൊതുവായി ചില വഴിപാടുകളും വ്രതങ്ങളും ക്ഷേത്രദർശനങ്ങളും മൂലം മംഗല്യഭാഗ്യവും ഉത്തമപങ്കാളിയെയും ലഭിക്കും എന്നാണ് വിശ്വാസം.
പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നതും ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുന്നതും വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. തിങ്കളാഴ്ചയും രോഹിണിയും ഒരുമിച്ചു വരുന്ന ദിനത്തിൽ നടത്തുന്ന സ്വയംവരപുഷ്പാഞ്ജലി ആഗ്രഹസിദ്ധി വരുത്തുന്നു. ഉമയോടു കൂടിയ ശിവഭഗവാനെ തിങ്കളാഴ്ചദിവസം ഭക്തിയോടെ സ്മരിക്കണം. ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്‌ക്കൽ സമർപ്പിക്കുന്നതും ഉത്തമം. മുടങ്ങാതെ നാല്പത്തൊന്നു തിങ്കളാഴ്ച ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ ശിവന്റെ നടയ്‌ക്കൽ സമർപ്പിച്ചാൽ മംഗല്യഭാഗ്യം സുനിശ്ചയം. പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ”ഓം ഹ്രീം ഉമായൈ നമ :” ഭക്തിയോടെ ജപിക്കാവുന്നതാണ്.
ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരന്റെ ജന്മനാളാണ്. അന്നേ ദിവസം തിരുവാതിര വ്രതം അനുഷ്ഠിക്കുന്നതും ശിവപ്രീതികരമായ ജപങ്ങളും പൂജകളും നടത്തുന്നത് ഉത്തമം. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവതീദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.
















