ഇടുക്കി: ഒരു ദിവസംകൊണ്ട് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം. ആശങ്കയ്‌ക്ക് വക നല്‍കുന്ന ഇത് വ്യക്തമാക്കുന്നത് സംസ്ഥാനത്ത് തകിടം മറിയുന്ന കാലാവസ്ഥയെ.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉപയോഗിച്ചത് 4.23 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. തിങ്കളാഴ്ചയില്‍ നിന്ന് ഉണ്ടായത് 3.23 ദശലക്ഷം യൂണിറ്റിന്റെ വര്‍ധന.
കഴിഞ്ഞ വേനലിന് ശേഷമുള്ള ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗം കൂടിയാണിത്. പ്രവര്‍ത്തി ദിവസമായതും വൈദ്യുതി ഉപഭോഗം ഉയരാന്‍ കാരണമായി. മുന്‍വര്‍ഷം ഇതേ സമയം ചൂട് കുറവായതിനാല്‍ വൈദ്യുതി ഉപഭോഗവും കുറവായിരുന്നു. ജനുവരിയിലെ കടുത്ത തണുപ്പിന് ശേഷം പെട്ടെന്ന് കാലാവസ്ഥ മാറുകയും അന്തരീക്ഷത്തില്‍ ചൂടേറുകയും ചെയ്തു. ഇതിനൊപ്പം കാര്‍മേഘം കൂടി എത്തുന്നത് ഭൂമി പെട്ടെന്ന് ചൂടാകാന്‍ കാരണമാകുന്നുണ്ട്.
ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ആലപ്പുഴയിലാണ് 35 ഡിഗ്രി സെല്‍ഷ്യസ്, തൊട്ടുപിന്നില്‍ കണ്ണൂരാണ് 34.1. കോട്ടയത്ത് രേഖപെടുത്തിയ 23 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില. വരും ദിവസങ്ങളിലും വൈദ്യുതി ഉപഭോഗം ഉയരുമെന്നാണ് വൈദ്യുതി ബോര്‍ഡ് കണക്ക് കൂട്ടുന്നത്. ഇതിന് അനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. കേന്ദ്രപൂളില്‍ നിന്ന് പരമാവധി വൈദ്യുതി എത്തിക്കാനുള്ള നീക്കവും തുടരുകയാണ്. അതേ സമയം ഏപ്രില്‍ വരെ കാര്യമായ പ്രശ്നമുണ്ടാകില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
















