കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഗണപതി നടയില്‍ വഴിപാടായി തേങ്ങയുടച്ചതിന്റെ പണം ഭക്ത ഗൂഗിള്‍പേ ആയി നല്‍കിയപ്പോള്‍ അത് എത്തിയത് റൗഫ് എന്നയാളിന്റെ അക്കൗണ്ടിലേക്ക്. ഗൂഗിള്‍ പേ രസീത് അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൂത്തമ്പലത്തോട് ചേര്‍ന്നുള്ള ഗണപതി നടയില്‍ തേങ്ങയുടയ്‌ക്കാന്‍ ചെന്നപ്പോള്‍ ആര്‍പ്പൂക്കര സ്വദേശിനിയും സര്‍ക്കാര്‍ ജീവനക്കാരിയുമായ ഭക്തയ്‌ക്കാണ് ഞായറാഴ്ച ഈ അനുഭവമുണ്ടയത്. പണമായി നല്‍കാന്‍ കൈയില്‍ ഇല്ലായിരുന്നു. ഓണ്‍ലൈന്‍ ആയി പണമടയ്‌ക്കാന്‍ ക്യു ആര്‍ കോഡോ ഫോണ്‍ നമ്പരോ നല്‍കാന്‍ കൗണ്ടറില്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന ആള്‍ കൊടുത്ത നമ്പറില്‍ ഗൂഗിള്‍പേ ചെയ്ത 40 രൂപ പോയത് റൗഫ് എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു.
ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങളുടെ കരാര്‍ അഹിന്ദുവിന് നല്‍കിയതിലും ഭക്തര്‍ വഴിപാടായി നല്‍കുന്ന പണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പോകുന്നതിലും വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളും ഭക്തരും സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായ പ്രതിഷേധവും വിമര്‍ശനവുമായി രംഗത്തെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഇത്തരം ലേല, കരാര്‍ നടപടികളിലെ സുതാര്യതയെയും വിശ്വാസ്യതയെയുമാണ് ഈ സംഭവം ചോദ്യംചെയ്യുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
ക്ഷേത്രത്തിലെ ഗണപതി നടയില്‍ ഉടയ്‌ക്കാനുള്ള തേങ്ങവില്പന ദേവസ്വം ബോര്‍ഡ് ലേലത്തില്‍ നല്‍കിയിരിക്കുകയാണ്. ലേലം പിടിച്ചയാളുടെ കീഴിലുള്ള ജീവനക്കാരനാണ് റൗഫ് എന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. ഭക്തര്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ ദേവസ്വം ബോര്‍ഡോ ക്ഷേത്ര ഭാരവാഹികളോ ഔദ്യോഗികമായി ക്യു ആര്‍ കോഡുകളോ സംവിധാനങ്ങളോ അവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. പണമായി നല്‍കാന്‍ കൈയിലില്ലാത്ത ഭക്തക്ക് റൗഫ് തന്റെ ഫോണിലെ വ്യക്തിഗത യുപിഐ ഐഡി നല്‍കുകയായിരുന്നു. ഈ തുക പിന്നീട് ടിക്കറ്റ് കൗണ്ടറില്‍ പണമായി അടച്ചെന്ന് കരാറുകാരനും ജീവനക്കാരും പറയുന്നു.
ക്ഷേത്രനിയമങ്ങള്‍ അനുസരിച്ച് അഹിന്ദുക്കള്‍ക്ക് ഇത്തരം കൗണ്ടറുകളില്‍ ജോലി നല്‍കാന്‍ പാടുള്ളതല്ല. കരാറുകാരന്‍ ദേവസ്വം ബേ ാര്‍ഡിന്റെ ഈ കര്‍ശനമായ ലേല നിബന്ധന ലംഘിച്ച് അഹിന്ദുവായ ജീവനക്കാരനെ നിയമിച്ചത് വീഴ്ചയാണെന്ന് ഹിന്ദു സംഘടനകളും ഭക്തരും ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം ശക്തമായതോടെ താത്കാലിക ജീവനക്കാരനെ ക്ഷേത്രത്തിലെ കൗണ്ടര്‍ ചുമതലകളില്‍നിന്ന് ഒഴിവാക്കി. ഇത്തരം കൗണ്ടറുകളില്‍ താത്കാലിക ജോലിക്ക് നിയോഗിക്കുന്നവരുടെ പശ്ചാത്തലവും യോഗ്യതയും കൃത്യമായി പരിശോധിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു.
സംഭവം വിരല്‍ചൂണ്ടുന്നത് ശബരിമലയിലെ ഉള്‍പ്പെടെ തട്ടിപ്പിലേക്ക്-വിഎച്ച്പി തിരുനക്കരയിലെ ഈ സംഭവം സംസ്ഥാനത്ത് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നടക്കുന്ന തട്ടിപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ പറഞ്ഞു. തിരുനക്കരയില്‍ തേങ്ങാ ലേലം പിടിച്ചിരിക്കുന്നത് ഹിന്ദു നാമധാരിയാണെങ്കിലും പണം പോകുന്നത് റൗഫിന്റെ അക്കൗണ്ടിലേക്കാണ്. ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമുണ്ടെന്ന് അനില്‍വിളയില്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചു.
















