ഗ്യാങ്‌ടോക്: സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പി.കെ. ചാംലിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാക്യോംഗിലുള്ള വിമാനത്താവളം സംസ്ഥാനത്തിനു വലിയ മുതല്‍ക്കൂട്ടാകുമെന്നും ഉദ്ഘാടന വേളയില്‍ മോദി പറഞ്ഞു.
രാജ്യത്തെ നൂറാമത് വിമാനത്താവളമാണ് പാക്യോംഗ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന പേരും ഇതോടെ പാക്യോംഗിന് സ്വന്തമാവും. 2009 ല്‍ തുടക്കം കുറിച്ച പദ്ധതിയ്‌ക്ക് 605 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. 201 ഏക്കറിലായി പരന്ന് കിടക്കുന്ന വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്നും 4,500 അടി മുകളിലാണ്.
നിലവില്‍ പശ്ചിമബംഗാളിലെ ബഗ്‌ഡോഗ്രയിലുള്ള വിമാനത്താവളത്തെയാണ് സിക്കിം ആശ്രയിക്കുന്നത്. സിക്കിമില്‍നിന്നു 124 കിലോമീറ്റര്‍ അകലെയാണ് ബഗ്‌ഡോഗ്ര വിമാനത്താവളം.
















