ന്യൂദല്‍ഹി: ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന് ഏഷ്യ കപ്പ് മത്സരം അവസാനിച്ചിട്ടും അതുമായി ബന്ധപ്പെട്ട ചില മനോഹര കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ആളുകളെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മത്സരത്തിനിടെ പാക് താരം ഉസ്മാന് ഖാന്റെ ഷൂസ് ലെയ്സ് കെട്ടിക്കൊടുത്ത് ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചാഹല്‍ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു.
അതിനു പിന്നാലെ ഇപ്പോഴിതാ മത്സരത്തിനിടയിലെ മറ്റൊരു അതിമനോഹര കാഴ്ച സമൂഹമാധ്യമങ്ങളില്‍ ആളുകളുടെ മനം കുളിര്‍പ്പിക്കുകയാണ്. പാകിസ്ഥാന് പതാകയണിഞ്ഞ യുവാവ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആയിരുന്നു ആദ്യം ദൃശ്യങ്ങള്‍ എത്തിയത്. ഇതിനുപിന്നാലെ മറ്റു സമൂഹമാധ്യമങ്ങളിലേക്കും വീഡിയോ പങ്കുവയ്ക്കപ്പെടുകയായിരുന്നു.
ക്യാമറയില്‍ റെക്കോഡ് ചെയ്തുകൊണ്ട് വളരെ ഉത്സാഹത്തോടെ ‘ജന ഗണ മന’ പാടുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ സമാധാന സന്ദേശം നല്‍കിക്കൊണ്ടുള്ള യുവാവിന്റെ നടപടിയെ പ്രശംസിച്ചുകൊണ്ട് ഇരു രാജ്യങ്ങളിലുമുള്ള നിരവധി പേരാണ് എത്തിയിരിക്കുന്നത്. വീഡിയോ തരംഗമായതോടെ ഇയാള്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. ‘അത് ഞാനാണ് സുഹൃത്തുക്കളേ, വീഡിയോ പങ്കുവച്ചതിന് നന്ദി. സമാധാനം മാത്രം മതി. നിരര്‍ഥകമായ യുദ്ധം വേണ്ട. സ്നേഹം വ്യാപിപ്പിക്കൂ’- അഡില്‍ താജ് എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: