ന്യൂദൽഹി: കോൺഗ്രസിനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു മികച്ച പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ കാഴ്ചവെയ്‌ക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവർത്തകരുമായിട്ടുള്ള വീഡിയോ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നല്ല ഭരണം കാഴ്ചവെയ്‌ക്കാൻ സാധിക്കാത്തതിനാലും മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ പറ്റാത്തതിനാലും അഴിമതിനിറഞ്ഞതിനാലും ജനങ്ങൾ അവരെ അധികാരത്തിൽ നിന്നും പുറത്താക്കി. ഇപ്പോൾ ഒരു മികച്ച പ്രതിപക്ഷം എന്ന നിലയിലേക്ക് ഉയരാൻ അവർക്ക് സാധിച്ചില്ല, പ്രതിപക്ഷമെന്ന നിലയിലും അവർ പരാജയപ്പെട്ടു. കഴിഞ്ഞ നാലുവർഷം കൊണ്ട് കോൺഗ്രസ് എന്താണെന്നും അവരുടെ പങ്കാളികള്‍ ആരാണെന്നും ജനങ്ങൾ മനസിലാക്കി കഴിഞ്ഞു- പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരോട് തനിക്ക് സഹതാപം തോന്നുന്നു. ഒരു കുടുംബത്തെ കേന്ദ്രീകരിച്ചതിനാൽ പാർട്ടിക്ക് മുഴുവൻ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വരുന്നു-മോദി പറഞ്ഞു. തങ്ങൾ രാജ്യത്തെ125 കോടി ജനഹൃദയങ്ങളെ ഒന്നിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് പാർട്ടികളെ ലയിപ്പിക്കാൻ നെട്ടോട്ടമോടുകയാണ്. ഇത്തരത്തിലുള്ള ബന്ധങ്ങളുടെ പദ്ധതികൾക്ക് യാതൊരു സ്ഥിരതയുമില്ല, നേതാക്കൾക്ക് അഴിമതിമാത്രമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വോട്ടുകൾക്ക് വേണ്ടി രാജ്യത്തിനെ പിളർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
















