കോട്ടയം: ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അത്തച്ചമയ ഘോഷയാത്ര ഇന്ന് വൈകിട്ട് 4 ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് തിരുനക്കര ക്ഷേത്ര മൈതാനത്ത് സമാപിക്കുന്നതോടെ കോട്ടയത്തെ ഓണാഘോഷത്തിന് സമാരംഭമാകും. വ്യാപാര സ്ഥാപനങ്ങളും വിവിധ ക്ലബ്ബുകളുമെല്ലാം ഓണാഘോഷത്തിന്റെ തയ്യാറെടുപ്പിലാണ്.
കാഞ്ഞിരപ്പളളി : ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ഇന്നു മുതല്‍ 24 വരെ കലാകായിക പരിപാടികളോടെ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസിഡന്റ് അഡ്വ. എം.കെ. അനന്തന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് ഉദ്ഘാടനം നിര്‍വഹിക്കും, ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി. മഞ്ജു മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 3.30ന് ക്വിസ് മത്സരവും, സുന്ദരിക്ക് പൊട്ടുതൊടീല്‍ മത്സരവും നടക്കും. നാളെ അത്തപ്പൂക്കള മത്സരം, ചെസ്, റൊട്ടികടി മത്സരം, കുപ്പിയില്‍ വെളളം നിറയ്‌ക്കല്‍, നാരങ്ങാ സ്പൂണ്‍ ഓട്ട മത്സരം, ഇരുചക്രവാഹനങ്ങളുടെ സ്ലോറേസ് എന്നിവയും, 21 ന് പദ്യപാരായണം, കവിതാ രചന, ചെറുകഥാ രചന, ഉപന്യാസ രചന, നുണപറയല്‍, പുഞ്ചിരി മത്സരം, ചിത്ര രചന എന്നിവയും 22 ന് ലളിത ഗാനം, ഓണപ്പാട്ട്, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം, ബലൂണ്‍ പൊട്ടിക്കല്‍, കസേരകളി എന്നീ മത്സരങ്ങളും നടക്കും. 24ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. എം.കെ. അനന്തന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജഡ്ജി പി.കെ. ലക്ഷ്മണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചീഫ് ജുഡിഷല്‍ മജിസ്‌ട്രേറ്റ് എസ്. സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് ജ്യോതിസ് ബെന്‍, സബ് ജഡ്ജ് സി. സുരേഷ്‌കുമാര്‍, ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായ റോഷന്‍ തോമസ്, വി. മഞ്ജു, സെക്രട്ടറി അഡ്വ.സാജന്‍ കുന്നത്ത,് ട്രഷറര്‍ അഡ്വ. കെ.ആര്‍. ഷാജി, കണ്‍വീനര്‍ അഡ്വ.ജോസ് സിറിയക് എന്നിവര്‍ പ്രസംഗിക്കും.
















