ന്യൂദല്ഹി : 2026-27 മുതല് 2030-31 വരെയുള്ള അഞ്ച് വര്ഷത്തേക്ക് ‘ദേശീയ സാമൂഹിക സഹായ പദ്ധതി’ (National Social Assistance Programme) തുടരുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹിക സുരക്ഷാ പദ്ധതികള്ക്കായി 53,428 കോടി രൂപയുടെ തുകയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കിയിട്ടുണ്ട്.ഭിന്നശേഷിക്കാര്ക്കുള്ള പെന്ഷന് പദ്ധതി പ്രകാരം, 79 വയസ് വരെയുള്ളവര്ക്ക് 375 രൂപയും 80 വയസും അതില് കൂടുതലുമുള്ളവര്ക്ക് 625 രൂപയും സഹായധനമായി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രധാന് മന്ത്രി സാമൂഹിക സഹായ യോജന’ പ്രകാരം, ഭിന്നശേഷിക്കാര്ക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡമായ വൈകല്യത്തിന്റെ അളവ് നിലവിലുള്ള 80 ശതമാനത്തില് നിന്ന് 40 ശതമാനമായി കുറച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിനു കീഴില്, വൈകല്യ പെന്ഷന് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ‘ജനനം മുതല്’ എന്നാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ മൂന്ന് കോടി ഇരുപത് ലക്ഷം ഗുണഭോക്താക്കള്ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയോജനങ്ങള്ക്കും വിധവകള്ക്കുമുള്ള പെന്ഷന് പദ്ധതികളും കുടുംബ ആനുകൂല്യ പദ്ധതിയും നിലവിലുള്ള രീതിയില് തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഐഡിബിഐ ബാങ്കിന്റെ പുനഃസംഘടനയ്ക്കും മന്ത്രിസഭ അംഗീകാരം നല്കി.സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും പുതിയ വ്യവസായങ്ങളുടെയും വളര്ച്ചയില് ബാങ്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാങ്കിനായി ഒരു തന്ത്രപ്രധാന പങ്കാളിയെ കണ്ടെത്തിയിട്ടുണ്ടെന്നും, അവരുടെ സഹായത്തോടെ ബാങ്കിലേക്ക് പുതിയ മൂലധനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. പുനസംഘടിപ്പിക്കുന്ന ബാങ്കില് ഭാരത സര്ക്കാരും എല്ഐസിയും ചേര്ന്ന് 34 ശതമാനം ഓഹരി നിലനിര്ത്തുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
















