ന്യൂദല്ഹി: കത്തോലിക്കാ പുരോഹിതര് സമ്പാദിക്കുന്ന സ്വത്തുക്കള് ബന്ധപ്പെട്ട സഭയുടേതാണെന്നും അവരുടെ ബന്ധുക്കള്ക്ക് അവകാശപ്പെടാന് കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.
മരിച്ചുപോയ ഒരു വൈദികന്റെ സ്ഥിര നിക്ഷേപമായ 56 ലക്ഷം രൂപ ബന്ധുക്കള്ക്ക് കൈപ്പറ്റാന് അനുവദിച്ച ജില്ലാ കോടതി ഉത്തരവിനെതിരെ സഭ സമര്പ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ എന് ആനന്ദ് വെങ്കിടേഷ് , കെ കെ രാമകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഈ ഉത്തരവിട്ടത്.
ഒരു മതക്രമത്തില് പ്രവേശിക്കുമ്പോള് ആ വ്യക്തി ലൗകിക ബന്ധങ്ങളും താല്പ്പര്യങ്ങളും ഉപേക്ഷിക്കുന്നുവെന്ന് കോടതി വിശദീകരിച്ചു.
ഒരര്ത്ഥത്തില് സിവില് മരണം എന്നതിനെ വിശേഷിപ്പിക്കാം. എന്നാല് നിയമപരമായ വ്യക്തിത്വം നിലനില്ക്കില്ല എന്നോ എല്ലാ പൗരാവകാശങ്ങളും നഷ്ടപ്പെടുമെന്നോ അര്ത്ഥമാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പാരമ്പര്യമായി ലഭിക്കുന്ന സ്വത്തുക്കള് മത സമൂഹത്തില് പെട്ടതായി സ്വയമേവ കണക്കാക്കാനാവില്ല. രൂപതാ വൈദികരുടേയും നിത്യവ്രതങ്ങള് സ്വീകരിച്ച മതവിഭാഗങ്ങളില്പ്പെട്ട വൈദികരുടേയും കാര്യം വേറിട്ടുകാണണമെന്ന് കോടതി പറഞ്ഞു.
















