തിരുവനന്തപുരം : സി എം ആര് എല് കേസില് പിണറായി വിജയനെ രക്ഷിക്കാന് യു ഡി എഫ് സര്ക്കാര് ശ്രമിക്കുകയാണെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര് എം എല് എ. കോടതിയില് പിണറായി വിജയന്റെ അഭിഭാഷകനും ആഭ്യന്തര വകുപ്പിന്റെ അഭിഭാഷകനും ഒരേ നിലപാട് സ്വീകരിക്കുന്നു. പൊതുതാല്പര്യ ഹര്ജി നിലനില്ക്കില്ലെന്നും എഫ് ഐ ആര് രജിസ്റ്റര് ചെയ്യുന്നത് സര്ക്കാരിന്റെ വിവേചനാധികാരമാണെന്നുമാണ് ഇരുകൂട്ടരുടെയും വാദമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര് നിയമസഭ വളപ്പില് മാധ്യമങ്ങളോട് സംസാരിക്കവേ വിശദീകരിച്ചു.
പ്രതിഭാഗത്തെ കൂടി കേട്ടിട്ടാണോ രാജ്യത്ത് എഫ് ഐ ആര് രജിസ്റ്റര് ചെയ്യുന്നത്? കോടതി തന്നെ ഇങ്ങനെ ചോദിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തില് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരായ കേസ് ഒഴിവാക്കാന് വി ഡി സതീശന് സര്ക്കാരിന് ഇത്രയേറെ താല്പര്യമെന്താണ്?നിയമസഭയ്ക്ക് പുറത്ത് പരസ്പരം പോരടിക്കുന്നവര് കോടതിയിലും, നിയമസഭയിലും ഒരേ നിലപാടെടുക്കുന്നു. എഫ് ഐ ആര് വിഷയത്തില് നിയമസഭയില് 137 പേര് ഒരു ഭാഗത്തും ബിജെപിയുടെ മൂന്ന് എംഎല്എമാര് മറുഭാഗത്തുമാണ്.
അഴിമതിയടക്കമുള്ള യഥാര്ത്ഥ വിഷയങ്ങളില് നിന്ന് ജനശ്രദ്ധ തിരിക്കാനും, പിണറായി വിജയനെ സംരക്ഷിക്കാനുമുള്ള രാഷ്ട്രീയ നാടകമാണോ ഈ പോരാട്ടം? രാജിവെക്കാന് തയാറുണ്ടോ എന്ന് നിയമസഭയില് ബിജെപി ചോദിച്ചത് അതുകൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു.
ബിജെപി അംഗങ്ങള്ക്ക് നിയമസഭയില് സംസാരിക്കാന് പോലും അവസരം നിഷേധിക്കുന്നത് എന്തിന്? എല് ഡി എഫ് -യു ഡി എഫ് ഒത്തുതീര്പ്പ് രാഷ്ട്രീയം ചര്ച്ചയാകുമെന്ന് ഭയന്നിട്ടാണോ എന്നും,സി എം ആര് എല് കേസില് പാര്ട്ടിയെ മറയാക്കുന്നതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളും ഗൗരവത്തോടെ പരിശോധിക്കപ്പെടണം.എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഒരുകാലത്ത് നിയമസഭയില് ബിജെപിക്ക് ഒരേയൊരു അംഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് മൂന്ന് അംഗങ്ങളുണ്ട്. ജനങ്ങളുടെ ശബ്ദം ഉയരുമ്പോള് കീഴ്വഴക്കങ്ങളുടെ പേരില് അതിനെ തടയാനാവില്ല. എല് ഡി എഫിമും യു ഡി എഫിനും കൊടിയുടെ നിറത്തില് മാത്രമാണ് വ്യത്യാസം. അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും ഒത്തുതീര്പ്പ് രാഷ്ട്രീയത്തിലും ഇരുകൂട്ടരും ഒരേ വഴിയിലാണ് എന്ന് ഗോപകുമാര് വ്യക്തമാക്കി. വി മുരളീധരന് എം എല് എ യും വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
















