കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈക്കത്തഷ്ടമിയുടെ മുന്നോടിയായി നടത്തുന്ന രണ്ട് സന്ധ്യവേലകളില് 17ന് തുടങ്ങുന്ന പുള്ളി സന്ധ്യവേലയുടെ കോപ്പ് തൂക്കല് നടന്നു. 17ന് തുടങ്ങി 23 വരെ ഒന്നിടവിട്ട നാല് ദിവസങ്ങളിലായാണ് പുള്ളി സന്ധ്യവേല നടക്കുന്നത്. ദേവസ്വം അധികൃതര് ക്ഷേത്ര ചടങ്ങുകള്ക്കായി മംഗളവസ്തുക്കള് തൂക്കി കാര്യക്കാരന് കൈമാറുന്ന ചടങ്ങാണ് കോപ്പ് തൂക്കല്.
ഇന്ന് കലവറയില് ദീപം തെളിച്ച് വിഗ്നേശ്വരനെ സങ്കല്പിച്ച് തൂശനിലയില് പൂവന്പഴം സമര്പ്പിച്ച ശേഷമാണ് കോപ്പുതൂക്കല് നടന്നത്. ആദ്യം മഞ്ഞളും തുടര്ന്ന് ചന്ദനവും ത്രാസില് തൂക്കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര് ഇന്ദുകുമാരി, അസിസ്റ്റന്റ് കമ്മീഷണര് എസ് അഭിലാഷ് എന്നിവര് അഡ്മിനിട്രേറ്റീവ് ഓഫീസര് എസ്.വിമല് കുമാറിന് കൈമാറി. ഇതോടെ അഷ്ടമി ഉത്സവ ചടങ്ങുകള്ക്ക് പ്രാരംഭംകുറിച്ചു. രാവിലെയും വൈകുന്നേരവും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തില് വാരമിരിക്കല്, അഭിഷേകം, പ്രാതല്, വിളക്ക് ചടങ്ങുകളാണ് പ്രധാനമായി ഈ ദിവസങ്ങളില് നടക്കുന്നത്.
തിരുവിതാംകൂര് മഹാരാജാവായിരുന്ന മാര്ത്താണ്ഡവര്മ്മ ചേര്ത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങള് യുദ്ധം ചെയ്ത് പിടിച്ചടക്കിയപ്പോള് അതില് മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വര്ഷംതോറും ഒന്നിടവിട്ട നാല് ദിവസങ്ങളിലായി നടത്തി വന്നിരുന്നതാണ് പുള്ളി സന്ധ്യവേലയെന്നാണ് വിശ്വാസം.
നവംബര് 20 ന് അഷ്ടമി ഉത്സവത്തിന് കൊടിയേറും. ഡിസംബര് ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി.















