കോട്ടയം: കൂറുമാറ്റക്കേസില് എരുമേലി പഞ്ചായത്ത് മുന് പ്രസിഡന്റ് സുബി സണ്ണിയെ ആറു വര്ഷത്തേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യയാക്കി. കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി കൈപ്പത്തി ചിഹ്നത്തില് മത്സരിച്ച് ജയിച്ച സുബി സണ്ണി പാര്ട്ടി വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് അനുകൂല വോട്ട് ചെയ്യുകയും തുടര്ന്ന് ഇടതുപക്ഷ പിന്തുണയില് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തതിനാണ് അയോഗ്യത.
സുബി സണ്ണി പഞ്ചായത്ത് അംഗമായും പ്രസിഡന്റായും പ്രവര്ത്തിച്ച കാലയളവില് കൈപ്പറ്റിയ ഓണറേറിയം, സിറ്റിങ് ഫീസ്, യാത്രാബത്ത എന്നിവ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് എരുമേലി പഞ്ചായത്ത് അംഗം ബിനോയ് ഇലവുങ്കലും തിരഞ്ഞെടുപ്പ് കമ്മീഷനില് ഹര്ജി നല്കിയ മുന് അംഗം മാത്യു ജോസഫും പറഞ്ഞു.
ഹര്ജിക്കാര്ക്ക് വേണ്ടി അഭിഭാഷകരായ ശ്രീകുമാര് നായര്, ചന്ദ്രലാല് എന്നിവര് ഹാജരായി. 2024 നവംബര് ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷനില് നല്കിയ ഹര്ജിയിലാണ് വിധി.
.
















