ദൽഹി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ പിതാംപുരയിൽ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാൻ സംഘാടകർ. രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പമാണ് പാറ്റയുടെ കോലവും കത്തിക്കുന്നത്. ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീ കേശവ് റാംലീല കമ്മിറ്റി അറിയിച്ചു.
വീടുകളിലും പരിസരങ്ങളിലും സമൂഹത്തിലും മാലിന്യവും അശുചിത്വവും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പദ്ധതികളുടെ സന്ദേശവും ഇതിലൂടെ പ്രചരിപ്പിക്കും. രാവണന്റെ സൈന്യത്തിലെ അസുരന്മാരിൽ ഒരാളായാണ് പാറ്റയെ ചിത്രീകരിക്കുന്നത്. തിന്മയ്‌ക്കുമേൽ നന്മയുടെ വിജയമെന്ന വിജയദശമിയുടെ സന്ദേശവുമായി ഇതിനെ ബന്ധിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം.
കമ്മിറ്റി അധ്യക്ഷനും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ, പരിപാടിക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നും ശുചിത്വത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. നക്സലിസം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളെ പ്രതിനിധീകരിക്കുന്ന കോലങ്ങളും കമ്മിറ്റി മുൻപ് കത്തിച്ചിട്ടുണ്ട്. പാറ്റയുടെ കോലം നിർമിക്കാൻ മൂന്ന് മുതൽ നാല് ദിവസം വരെ എടുത്തതായാണ് റിപ്പോർട്ട്.
അതേസമയം, മതപരമായ ആഘോഷങ്ങളിൽ സമകാലിക രാഷ്‌ട്രീയ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഇത്തരം നടപടികൾ ഉത്സവത്തിന്റെ പരമ്പരാഗത പ്രാധാന്യത്തിൽനിന്ന് ശ്രദ്ധ തിരിക്കുമെന്നും മതവികാരങ്ങളെ വ്രണപ്പെടുത്താമെന്നും ചിലർ അഭിപ്രായപ്പെട്ടു. പാറ്റയെ രാവണനുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രസക്തിയെയും ചിലർ ചോദ്യം ചെയ്തു. ശുചിത്വ സന്ദേശം മുൻനിർത്തിയാണ് പരിപാടിയെന്ന് സംഘാടകർ ആവർത്തിക്കുമ്പോഴും, മതാഘോഷങ്ങളും രാഷ്‌ട്രീയ സന്ദേശങ്ങളും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ നീക്കം വഴിവെച്ചിരിക്കുകയാണ്.
















