ആലപ്പുഴ:ഹരിപ്പാട് കഴിഞ്ഞ ദിവസം രണ്ട് വയസുകാരന് രാഹുല്‍ മരിച്ചതില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും.ആഭ്യന്തര മന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചെന്ന് രാഹുലിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് നടപടി. കുട്ടി പട്ടിണി കിടന്നു മരിച്ചു എന്നത് സങ്കടകരമെന്ന് മന്ത്രി പറഞ്ഞു.ആദ്യ കുട്ടിയുടെ മരണത്തിലും അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
മാതാവിന്റെ സമ്മതമില്ലെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കുട്ടിയെ ഏറ്റെടുക്കാന്‍ നിയമതടസങ്ങളില്ലെന്ന് ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍പേഴ്സണ്‍ ഡോ ഗീത വി അറിയിച്ചിരുന്നു. നാല് പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതി നേരത്തെ ഏറ്റെടുത്തിരുന്നു.
ജനപ്രതിനിധികളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തയാറാക്കിയ സോഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അയല്‍വാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്ന് പണം പിരിക്കാന്‍ കുട്ടികളെ ഉപയോഗിച്ചു. അയല്‍വാസികള്‍ നല്കുന്ന ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാതെ രാജേഷും താരയും കഴിച്ചു. ആശാ വര്‍ക്കര്‍മാര്‍ എത്തിക്കുന്ന പോഷകാഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കിയില്ല. ഇരുവരും ഒരുമിച്ചുള്ള മദ്യപാനവും കുട്ടികള്‍ക്ക് മുന്നില്‍ തന്നെയായിരുന്നുവെന്നും കണ്ടെത്തി.
















