കൊല്ലൂര്‍ : രാഹുല്‍ ഗാന്ധി വിദേശയാത്രയിലെന്ന് സ്ഥിരീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുൽ രണ്ടോ മൂന്നോ ദിവസത്തേക്ക് മാറിനില്‍ക്കുന്നുവെന്നും അത് വിവാദമാക്കേണ്ടതില്ലെന്നുമാണ് കെ സി വേണുഗോപാല്‍ പറയുന്നത് . ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യവും സിജെപിയും തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ അതിനെ നയിക്കേണ്ട രാഹുല്‍ വിദേശത്തേക്ക് മുങ്ങിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പരിഹാസം ഉയരുന്നതിനിടെയാണ് യാത്ര സ്ഥിരീകരിച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് മൂന്ന് ദിവസത്തേക്ക് അദ്ദേഹം മാറിനില്ക്കുന്നുവെന്നേയുള്ളൂ. അതിനെന്താണ് കുഴപ്പം? നവംബര്‍ ഒന്നിന് ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണി വന്‍ പ്രക്ഷോഭം നടത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് കോൺഗ്രസ് രംഗത്തെത്തി. ഒഴിവുസമയങ്ങളിൽ ഇഷ്ടമുള്ളിടത്ത് യാത്ര ചെയ്യാൻ അദ്ദേഹത്തിന് പൂർണ അവകാശമുണ്ടെന്ന് പാർട്ടി വ്യക്തമാക്കി. വിദേശ സന്ദർശനങ്ങൾ രാഹുൽ എപ്പോഴും ഫലപ്രദമായാണ് പ്രയോജനപ്പെടുത്താറുള്ളതെന്നും പാർട്ടി പറയുന്നു.











