ന്യൂദല്‍ഹി: വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും സമാധാനം നിലനിര്‍ത്താനും നിര്‍ദ്ദേശിച്ച് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നോട്ടീസിനെതിരെ ഐസ പ്രസിഡന്റ് നേഹ ബോറ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
16 ന് മണ്ടി ഹൗസില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് നേഹ ബോറ അറസ്റ്റിലായത്. മണ്ഡി ഹൗസില്‍ മുദ്രാവാക്യം വിളിച്ചതിനും നിരോധന ഉത്തരവുകള്‍ അവഗണിച്ച് ജന്തര്‍ മന്തറിന് ചുറ്റും ആവര്‍ത്തിച്ചുള്ള പ്രതിഷേധപ്രകടനങ്ങള്‍ക്കും, കൊണാട്ട് പ്ലേസില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതിനും 18 ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അവര്‍ക്ക് നോട്ടീസ് അയച്ചു. പൊതു സമാധാനത്തിനും ശാന്തതയ്ക്കും ഭംഗം വരുത്തിയെന്നതാണ് കുറ്റം. അന്വേഷണ കാലയളവില്‍ സമാധാനം പാലിക്കണമെന്നും 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യവും നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനെതിരെയാണ് നേഹ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദസറ അവധി കഴിഞ്ഞ് ഹൈക്കോടതി 26 നേ തുറക്കൂ. അവധിക്കാലത്ത് അടിയന്തര വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.
















