ന്യൂദല്ഹി: ദല്ഹി കലാപക്കേസിലെ പ്രതിയായ നടാഷ നര്വാളിന് അക്കാദമിക് ആവശ്യങ്ങള്ക്കായി യുകെയിലേക്ക് പോകാന് ദല്ഹി ഹൈക്കോടതി അനുമതി നല്കി. യുഎപിഎ പ്രകാരമുള്ള കേസ് ഒരു വ്യക്തിയുടെ വിദേശ യാത്രയ്ക്ക് തടസ്സമാവില്ലെന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് അമിത് ബന്സല് പറഞ്ഞു. വാര്വിക്ക് സര്വകലാശാലയില് പിഎച്ച്ഡി ചെയ്യുകയാണ് നടാഷ നര്വാള്. ലണ്ടനില് നടക്കുന്ന അന്താരാഷ്ട്ര കോണ്ഫറന്സില് പങ്കെടുക്കാനാണ് അവര് യാത്രാനുമതി തേടിയത്.
ആള്ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും യാത്ര ചെയ്യാന് കോടതി നടാഷയ്ക്ക് അനുമതി നല്കി. യുകെയില് അഭയം തേടുകയോ കേസുകളെക്കുറിച്ച് അഭിപ്രായം പറയുകയോ ചെയ്യരുതെന്ന് കോടതി നിര്ദേശിച്ചു.
വീഡിയോ കോണ്ഫറന്സ് വഴി നടാഷയ്ക്ക് അക്കാദമിക് പ്രവര്ത്തനങ്ങള് തുടരാവുന്നതേയുള്ളൂവെന്നും അവര് യുകെയില് അഭയം തേടിയേക്കാമെന്നുമുള്ള സര്ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
2020 ഫെബ്രുവരിയില് വടക്കുകിഴക്കന് ദല്ഹിയിലുണ്ടായ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുടെ പേരില് 2020 മേയിലാണ് ദല്ഹി പോലീസ് നടാഷയെ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്ന്ന് ഒരു വര്ഷത്തിലേറെക്കാലം അവര് തിഹാര് ജയിലില് കഴിഞ്ഞു. 2021 ജൂണില് ദല്ഹി ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.
















