ന്യൂദൽഹി : കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ഇപ്പോഴും കരുതൽ തടങ്കലിൽ ആണെന്നും പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്ഇഎം) കോടതിയിൽ ഹാജരാക്കുമെന്നും ദൽഹി പോലീസ്. ‘ലെഹ്റ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കാൻ പ്രശസ്തമായ കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനിടെയാണ് ദീപകിനെ അറസ്റ്റ് ചെയ്തത്.
2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) ലെ സെക്ഷൻ 126, 170 പ്രകാരമാണ് ദിപ്കെയ്ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു.
അതേസമയം മണ്ഡി ഹൗസിലേക്ക് പോകുന്നതിനിടെ ‘തിരംഗ’ യാത്രയുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എയ്സ) പ്രസിഡന്റ് നേഹ ബോറയെ ദൽഹി പോലീസ് ആക്ടിലെ സെക്ഷൻ 65 പ്രകാരം തടങ്കലിൽ വച്ച ശേഷം വിട്ടയച്ചു.
അതേ സമയം വെള്ളിയാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിന് അഭിജിത്തിനെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ദിപ്കെയെ കോടതിയിൽ ഹാജരാക്കും. ജാമ്യത്തിൽ വിട്ടയയ്ക്കണോ, ജയിലിൽ അടയ്ക്കണോ എന്ന് കോടതി അന്ന് തീരുമാനിക്കും.
കഴിഞ്ഞ ശനിയാഴ്ച ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തിയ പ്രതിഷേധത്തിന് തൊട്ടുമുമ്പ് മറ്റ് നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരോടൊപ്പം ദിപ്കെയെയും വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഒരു വർഷത്തേക്ക് സമാധാനത്തിനും സ്വസ്ഥതയ്ക്കും ഭംഗം വരുത്തുന്ന ഒരു പ്രവർത്തനത്തിലും പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകുന്ന ഒരു ബോണ്ടിൽ ഒപ്പിട്ടതിന് ശേഷമാണ് മൂവരെയും വിട്ടയച്ചത്.
പിന്നീട് ദൽഹി പോലീസിന്റെ നടപടിയെത്തുടർന്ന് കുമാറിനെതിരായ സിജെപിയുടെ സമരം പരാജയപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം, പ്രതിഷേധ സ്ഥലമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ദാസും രങ്കയും വീണ്ടും അറസ്റ്റിലായത്. ഇരുവരും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
















