കോട്ടയം: മുഖ്യമന്ത്രി വിഡി സതീശനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന അടൂര്‍ പ്രകാശിനും കെ.സുധാകരനും പിന്നില്‍ കെ സി വേണുഗോപാലാണെന്ന പരോക്ഷ സൂചന നല്‍കി മന്ത്രി കെ. മുരളീധരന്‍. ‘മുഖ്യമന്ത്രിക്കെതിരേ ഒരു വ്യക്തി നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കില്‍ സംബഡി ബിഹൈന്‍ഡ് ദ കര്‍ട്ടന്‍. അത് ആരാണെന്ന് ഞാന്‍ പറയുന്നില്ല. അത്രയേ തനിക്ക് പറയാനുള്ളൂ എന്നാണ് മുരളീധരന്‍ ഇന്നു പറഞ്ഞത്. ഇത് ആണുങ്ങളുടെ സര്‍ക്കാറാണോ എന്ന സന്‌ദേഹം പ്രകടിപ്പിച്ച കെ സുധാകരന്, വേണമെങ്കില്‍ ടെസ്റ്റു ചെയ്തു നോക്കാമെന്ന കടുത്ത പ്രതികരണവും മുരളീധരന്‌റെ ഭാഗത്തു നിന്നുണ്ടായി.
യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് പരസ്യമായി കെ.സി. പക്ഷത്തല്ലെങ്കില്‍ കൂടി വി.ഡി സതീശനെതിരായ നീക്കങ്ങളില്‍ സമാനഹൃദയരാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ സതീശന്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇരു നേതാക്കളുടേയും ലക്ഷ്യം. കെ. സുധാകരനാവട്ടെ, മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ട് നിയമസഭയിലേക്കു മല്‍സരിക്കാന്‍ തയ്യാറെടുത്തിട്ട് അനുവദിക്കാഞ്ഞതിന്‌റെ കലിപ്പ് കിട്ടുന്നിടത്തെല്ലാം തീര്‍ക്കുകയാണ്.
കെ.സിയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന പരോക്ഷമായ ആഹ്വാനമാണ് അടൂര്‍ പ്രകാശും കെ.സുധാകരനും മറ്റും ഉയര്‍ത്തുന്നത്.
വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലിക്കെതിരെ അടൂര്‍ പ്രകാശ് പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നില്‍ കെ.സി. വേണുഗോപാല്‍ പക്ഷമാണെന്ന് സതീശന്‍ ക്യാമ്പ് ആരോപിച്ചെങ്കിലും, ‘അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും തന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നു’ മാണ് വേണുഗോപാല്‍ പറഞ്ഞത്.
















