ന്യൂദല്‍ഹി: രാജ്യത്തുടനീളം ഇന്ന് മഹാ അഷ്ടമിയും നവമിയും ആഘോഷിക്കുന്നു. മഹാ അഷ്ടമിയുമായി ബന്ധപ്പെട്ട പൂജകളും മറ്റ് ചടങ്ങുകളും ഇന്ന് അതിരാവിലെ തന്നെ ആരംഭിച്ചു.
പശ്ചിമ ബംഗാളില്‍, ഇന്ന് അതിരാവിലെ അഷ്ടമി പൂജ നടന്നു. തുടര്‍ന്ന് അഞ്ജലിയും സന്ധി പൂജയും നടന്നു. ഇന്ന് ദുര്‍ഗാദേവിയെ ‘മഹാ ഗൗരി’യായി ആരാധിക്കുന്നു. ബേലൂര്‍ മഠം, രാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും മറ്റ് ശാഖകള്‍, മറ്റ് ഹൈന്ദവ മഠങ്ങള്‍, കൂടാതെ ചില പൊതു പൂജാ പന്തലുകളിലും വീടുകളിലും ‘കുമാരി പൂജ’ നടക്കുന്നുണ്ട്. ദുര്‍ഗാദേവിയുടെ അനുഗ്രഹം തേടി ഭക്തര്‍ പൂജാ പന്തലുകളിലേക്ക് ഒഴുകിയെത്തുകയാണ്.
ഉത്തര്‍പ്രദേശില്‍, നവരാത്രിയുടെ ഒമ്പതാം ദിവസം അതീവ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.മഹാ നവമി ദിനത്തില്‍ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മിര്‍സാപൂരിലെ ‘മാ വിന്ധ്യവാസിനി ധാമില്‍’ ഇന്നലെ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ എത്തിയത് 25 ലക്ഷത്തിലധികം ഭക്തരാണ്. ഇന്നും 20 മുതല്‍ 25 ലക്ഷം വരെ ഭക്തര്‍ ഇവിടെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബല്‍രാംപൂരിലെ ‘മാ പട്ടേശ്വരി ക്ഷേത്രം’, ജൗന്‍പൂരിലെ ‘മാ ശീതല ചൗക്കിയ ധാം’, അയോധ്യയിലെ ‘ദേവ്കാളി ക്ഷേത്രം’, സീതാപൂരിലെ ‘ലളിതാ ദേവി ശക്തിപീഠം’ എന്നിവിടങ്ങളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശരദീയ നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ഏകദേശം 45,000 ദുര്‍ഗാ പൂജാ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. ദുര്‍ഗാദേവിയുടെ അനുഗ്രഹം തേടുന്ന ഭക്തരുടെ വലിയ തിരക്കാണ് ഈ പന്തലുകളിലും കാണപ്പെടുന്നത്. ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരും ഭരണകൂടവും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോരക്ഷ്പീഠാധീശ്വറും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് ‘കന്യാ പൂജ’ നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് സംരക്ഷണവും ബഹുമാനവും അന്തസും നല്‍കുന്നതിന് സനാതന പാരമ്പര്യം എപ്പോഴും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവരാത്രിയില്‍ ബാലികമാരെ ആരാധിക്കുന്നത് ഈ ആശയത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുര്‍ഗാ പൂജയോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ദുര്‍ഗാ പൂജ ഭാരതത്തിന്റെ സമ്പന്നമായ ആത്മീയ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് രാഷ്‌ട്രപതി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ദുര്‍ഗാ പൂജ ഭാരതീയരെ ഒന്നിപ്പിക്കുന്നുവെന്നും, ഈ ആഘോഷങ്ങള്‍ ഇന്ത്യയുടെ പാരമ്പര്യങ്ങള്‍, ജീവിതശൈലി, കല, സംസ്‌കാരം എന്നിവയെ മനോഹരമായി എടുത്തുകാണിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ത്യാഗത്തിന്റെയും തപസിന്റെയും ദേവതയായ മഹാ ഗൗരിക്ക്, മഹാ അഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി മോദി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
















