ന്യൂദല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യാപേക്ഷ പരിഗണിക്കേണ്ട മജിസ്ട്രേറ്റ് കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയതിനാല്‍ ഇവരുടെ മോചനം നീളുകയാണ്. ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കേണ്ട മജിസ്ട്രേറ്റിന് വധഭീഷണി ലഭിച്ചതോടെയാണ് അദ്ദേഹം കേസെടുക്കുന്നതില്‍ നിന്നും പിന്മാറിയത്. ഇതോടെ ഇനിയും ഒന്ന് രണ്ട് ദിവസം കൂടി ഇരുവരും കസ്റ്റഡിയില്‍ കഴിയേണ്ടിവരുമെന്നറിയുന്നു.
ഒക്ടോബര്‍ 14ന് സമരം നിരോധിച്ച ജന്തര്‍മന്തറിലേക്ക് ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതിന് ശേഷം വിട്ടയച്ചിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ വധിക്കുമെന്ന രീതിയില്‍ സന്ദേശം ലഭിച്ചുവെന്നാണ് മജിസ്ട്രേറ്റിന്റെ വാദം.
ഉടനെ മജിസ്ട്രേറ്റിനെതിരെ വധഭീഷണി ഉയര്‍ത്തിയ അജ്ഞാതനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തു. അതേ സമയം സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും “നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെയ്‌ക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിനായി അധികൃതർ വധഭീഷണിസന്ദേശം ഉപയോഗിക്കുകയാണെന്ന് സിജെപി നേതാക്കളായ രത്ന സിംഗും അഭിജീത് ദിപ്കെയും ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും വിട്ടുകിട്ടാന്‍ വേണ്ടി കോടതികള്‍ കയറിയിറങ്ങുകയാണ് രത്നസിംഗ്. സൗരവ് ദാസിന്റെ കാമുകിയാണ് രത്നസിംഗ് എന്നും ആരോപണമുണ്ട്.
കഴിഞ്ഞ നാല് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന സൗരവ് ദാസിനെക്കുറിച്ച് വികാരാര്‍ദ്രമായ സന്ദേശം രത്നസിങ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. “നിന്റെ നിര്‍ത്താത്ത സൊറ പറച്ചില്‍ നഷ്ടമാകുന്നതില്‍ വിഷമിക്കുന്നു” എന്നാണ് അഭിഭാഷക കൂടിയായ രത്നസിങ്ങ് കുറിച്ചത്. തുടര്‍ച്ചയായി സംസാരിക്കുന്ന സ്വഭാവക്കാരനാണ് സൗരവ് ദാസ്.
എന്തായാലും അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി സൗരവ് ദാസും അശുതോഷ് റാങ്കയും കസ്റ്റഡിയില്‍ കഴിയേണ്ടി വരുമെന്നാണ് കരുതുന്നത്.
















