സ്വന്തം മകള് നേഹ ബോറെയെപോലെയാവാന് ആഗ്രഹിക്കുന്ന സംവിധായകന്റെ അച്ഛന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്, നേഹയുടെ അച്ഛനെപ്പോലെ മകനെ തിരുത്താന് ശ്രമിക്കുമായിരുന്നു. കാരണം ഇയാള്ക്ക് നേഹയെ അറിയില്ല.
പരീക്ഷാക്രമക്കേടിനെതിരെ പാറ്റ പാര്ട്ടിക്കാര് നടത്തിയ സമരത്തിലൂടെയും, തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്ഗ്രസും പ്രതിപക്ഷ പാര്ട്ടികളും നടത്തിയ സമരത്തിലൂടെയും മാധ്യമങ്ങളില് നിറഞ്ഞ മുഖമാണ് നേഹ ബോറ. വസ്തുതകള് മറച്ചുപിടിച്ച് അക്രമത്തിന്റെ ഭാഷ സംസാരിക്കുന്ന ഈ യുവതി യഥാര്ത്ഥത്തില് ആരാണെന്നും, എന്താണ് ഇവരുടെ അജണ്ടയെന്നും മോദി വിരോധം മുഖമുദ്രയാക്കിയ മാധ്യമങ്ങള് സമര്ത്ഥമായി മറച്ചു പിടിക്കുന്നു. ഇതുകൊണ്ടാവാം തന്റെ മകള്, നേഹ ബോറയെ പോലെ ആവണമെന്ന് മലയാള സിനിമയിലെ ചിലര് പറഞ്ഞത്. ദല്ഹിയില് അരങ്ങേറുന്ന നാടകങ്ങള് ഇവര്ക്ക് ഒരു സിനിമ പോലെ തോന്നുന്നുണ്ടാവും. നേഹ അതിലെ നായികയും.
”ഞാന് ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നതിനാല് വര്ഷങ്ങളായി എന്റെ അച്ഛന് എന്നോട് സംസാരിച്ചിട്ടില്ല” എന്നു പറഞ്ഞിട്ടുള്ളത് നേഹ ബോറ തന്നെയാണ്.
എന്തുകൊണ്ടാണ് ഉത്തരാഖണ്ഡ് സ്വദേശിയും മുന് സൈനികനുമായ ഈ അച്ഛന് മകളോട് മിണ്ടാത്തത്? ഈ യുവതി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതുപോലെ ഇടതുപക്ഷ രാഷ്ട്രീയം പിന്പറ്റുന്നത് കൊണ്ടാണോ? എന്താണ് ഇവരുടെ ഇടതുപക്ഷ രാഷ്ട്രീയം? ആരൊക്കെയാണ് ഇവരുടെ കൂട്ടാളികള്? എന്തിനുവേണ്ടിയാണ് ഇവര് നിലകൊള്ളുന്നത്? ഈ ചോദ്യങ്ങള്ക്ക് ഉത്തരം തേടുമ്പോള് നേഹ ബോറ എന്ന ജിഹാദി മനസ്സുള്ള മാവോയിസ്റ്റിന്റെ ചിത്രം തെളിഞ്ഞുവരും.
ദല്ഹി യൂണിവേഴ്സിറ്റിയില് പഠിച്ച, ജെഎന്യുവില് ഗവേഷണം ചെയ്യുന്ന നേഹ ഒരു കറകളഞ്ഞ മാവോയിസ്റ്റാണ്. അക്രമത്തിന്റെ പാതയില് വിശ്വസിക്കുന്ന സിപിഐ (എംഎല്) എന്ന പാര്ട്ടിയുടെ വിദ്യാര്ത്ഥി വിഭാഗമായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ(എഐഎസ്എ)ദേശീയ അദ്ധ്യക്ഷയുമാണ്. നീറ്റ് പരീക്ഷയുടെ പേരില് പാറ്റ പാര്ട്ടിക്കാര് ദല്ഹിയില് നടത്തിയ സമരത്തില് നേഹ പങ്കാളിയായിരുന്നു. ഈ സമരത്തിനിടെയും നേഹയെ പോലുള്ളവര് ഉയര്ത്തിയത് ആസാദി മുദ്രാവാക്യമാണ്. ചോദ്യപേപ്പര് ചോര്ച്ചയും കശ്മീരിലെ ഇസ്ലാമിക ഭീകരവാദവും തമ്മില് എന്താണ് ബന്ധം?
എഐഎസ്എ ഔദ്യോഗികമായി പാറ്റ പാര്ട്ടിക്കാര്ക്ക് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ പ്രതിഷേധത്തിന്റെ മുന്നിരയില് നേഹ ഉണ്ടായിരുന്നു. വിദ്യാര്ഥികളുടെ പ്രശ്നങ്ങള് ഉന്നയിക്കുന്നതിന്റെ മറവില് എഐഎസ്എ തങ്ങളുടെ അക്രമാസക്തവും ദേശവിരുദ്ധവുമായ അജണ്ടകള് മുന്നോട്ടുവയ്ക്കുന്നു എന്നത് രഹസ്യമല്ല. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കാരങ്ങളുടെയും വിദ്യാര്ഥികളുടെ അവകാശങ്ങളുടെയും പ്രശ്നങ്ങളെ ഇസ്ലാമിക തീവ്രവാദികളും യുഎപിഎ കേസില് പ്രതികളുമായ ഉമര് ഖാലിദ്, ഷര്ജീല് ഇമാം എന്നിവരുമായി ബന്ധപ്പെടുത്തിയാണ് നേഹ മാധ്യമങ്ങളോട് സംസാരിച്ചത്. ഖാലിദിനും ഇമാമിനുമെതിരായ ആരോപണങ്ങളെ വെള്ളപൂശി ‘ഗോഡി മീഡിയ’ അവരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് നേഹ പറഞ്ഞത്.
ഹിന്ദു വിരുദ്ധ ദല്ഹി കലാപത്തിനായുള്ള ഗൂഢാലോചനക്കേസില് പ്രതികളായ ഇവരെ ‘സാധാരണ വിദ്യാര്ഥികള്’ എന്നാണ് നേഹ വിശേഷിപ്പിച്ചത്. അവര് ‘രാഷ്ട്രീയ പീഡനത്തിന്’ ഇരയാവുകയാണെന്നും ബോറ അവകാശപ്പെട്ടു. ജാമ്യം ലഭിക്കാത്തതിനാല് ഖാലിദും ഇമാമും വര്ഷങ്ങളായി ജയിലില് കഴിയുകയാണെന്ന് പറഞ്ഞ് നീതിന്യായ വ്യവസ്ഥയെയും നേഹ ചോദ്യം ചെയ്തു. 2020 ലെ ദല്ഹി കലാപത്തിനായുള്ള ഗൂഢാലോചനയില് ഇവര്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീം കോടതിയാണ് ഉമര് ഖാലിദിന്റെയും ഷര്ജീല് ഇമാമിന്റെയും ജാമ്യാപേക്ഷകള് തള്ളിയത്. ഈ വസ്തുത അംഗീകരിക്കാന് നേഹ തയ്യാറാവുന്നില്ല.
2001ലെ പാര്ലമെന്റ് ആക്രമണ കേസില് സുപ്രീം കോടതി വധശിക്ഷ വിധിച്ച ഇസ്ലാമിക ഭീകരന് അഫ്സല് ഗുരുവിനെ വാഴ്ത്തിപ്പാടിയ വ്യക്തിയാണ് ഉമര് ഖാലിദ്. ‘അഫ്സല് തും ഹമാരെ അര്മാനോ കോ മന്സില് തക് പഹുഞ്ചാവോഗേ’ (അഫ്സല് നീ ഞങ്ങളുടെ സ്വപ്നത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.) എന്നാണ് ഉമര് ഖാലിദ് ജെഎന്യു ക്യാമ്പസില് മുദ്രാവാക്യം മുഴക്കിയത്. കശ്മീര് ഭാരതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും, ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്നും മുദ്രാവാക്യം വിളിച്ചയാളുമാണ്.
കശ്മീരിലെ പഹല്ഗാമില് പാക് ഇസ്ലാമിക ഭീകരര് മതം നോക്കി നിരപരാധികളെ വെടിവച്ചു കൊന്നപ്പോള് അതിനെ അപലപിക്കാനോ ഇരകള്ക്ക് ആദരാഞ്ജലി അര്പ്പിക്കാനോ, ഓപ്പറേഷന് സിന്ദൂര് എന്നു പേരിട്ട് പാകിസ്ഥാന് തിരിച്ചടി നല്കിയ ഭാരത സൈന്യത്തോട് ഐക്യം പ്രഖ്യാപിക്കാനോ നേഹ തയ്യാറായില്ല. പാകിസ്ഥാന് തിരിച്ചടിച്ചാല് കൊല്ലപ്പെടാവുന്ന നിരപരാധികളെക്കുറിച്ചായിരുന്നു ഈ യുവതിയുടെ ആശങ്ക!
‘ലവ് ജിഹാദ്’ ഉയര്ത്തുന്ന ഗുരുതര ഭീഷണിയെ ഒരു പോഡ്കാസ്റ്റില് പുച്ഛത്തോടെയുള്ള ചിരിയിലൂടെ നേഹ നിസ്സാരവല്ക്കരിക്കുന്നു. ഹിന്ദു സമൂഹത്തിലെ സ്ത്രീകള് അടിച്ചമര്ത്തപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടുമ്പോള് മുസ്ലിം സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. ഭാരതത്തില് താമസിക്കുന്നയാളായ നേഹ ബോറയ്ക്ക് സ്വതന്ത്ര പലസ്തീന് വേണം. ഇസ്രയേലിനെ അപലപിച്ചുകൊണ്ടും പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്തുകൊണ്ടും സമൂഹ മാധ്യമമായ എക്സില് നേഹ നിരവധി പോസ്റ്റുകള് പങ്കുവെച്ചിട്ടുണ്ട്. സമീപകാലത്ത് ഫ്ളൈ ദുബായ് യാത്രാ വിമാനം റാഞ്ചി യാത്രക്കാരെ കൊലപ്പെടുത്താനുള്ള ശ്രമം ധീരമായി പരാജയപ്പെടുത്തിയ സ്മിത്ത് മച്ഛാറിനെ ഒരു വാക്കുകൊണ്ടു പോലും നേഹ പ്രശംസിച്ചില്ല. നേഹ ബോറയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള് ഇസ്ലാമിക തീവ്രവാദ അജണ്ടയെ പൂര്ണമായി പിന്തുണയ്ക്കുന്നതാണ്. വിദ്യാര്ഥികളുടെ പ്രശ്നങ്ങളെ ഇതിന് മറയാക്കുന്നു. ഇടതുപക്ഷ വിദ്യാര്ഥി സംഘടനകള് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഈ തന്ത്രം ഉപയോഗിച്ചാണ് ദീര്ഘകാലമായി നിലനില്ക്കുന്നത്. വിദ്യാര്ഥികളില് ഇവര് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം കുത്തിവെക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടായിരിക്കും നേഹ ബോറയുടെ അച്ഛന് മകളോട് മിണ്ടാത്തത്? അച്ഛനും മകളും വ്യത്യസ്ത രാഷ്ട്രീയത്തില് വിശ്വസിക്കുന്നത് പുതിയ കാര്യമല്ലല്ലോ. ഇതിന്റെ പേരില് അച്ഛന് മകളോടും മകള് അച്ഛനോടും മിണ്ടാതിരിക്കുന്നത് തീര്ത്തും അസ്വാഭാവികമാണ്.
നേഹയുടെ കാര്യത്തില് അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില് അതിന്റെ കാരണം മറ്റു ചിലതാണ്. കോളജില് പഠിക്കുമ്പോഴാണ് തീവ്ര ഇടതുപക്ഷ രാഷ്ട്രീയ ആശയങ്ങളില് നേഹ ആകൃഷ്ടയായത്. ഈ ആശയങ്ങള് ഒരുകാലത്ത് അതിന്റെ വക്താക്കളായിരുന്നവര് തന്നെ തള്ളിക്കളഞ്ഞതാണ്. ഇടക്കാലത്ത് മാവോയിസമെന്ന പേരില് അത് നിലനിന്നത് ഭാരതത്തെ അസ്ഥിരപ്പെടുത്താന് ആഗ്രഹിക്കുന്ന ചില ശക്തികളുടെ ഭരണപരവും രാഷ്ട്രീയവുമായ പിന്തുണയോടെയാണ്. ശത്രുരാജ്യങ്ങളുടെ പിന്തുണയും ഇക്കാര്യത്തില് ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില് അക്രമത്തിന്റെ മാര്ഗ്ഗം അവലംബിച്ച മാവോയിസ്റ്റുകളെ ഇപ്പോള് ഏതാണ്ട് പൂര്ണ്ണമായി തന്നെ അടിച്ചമര്ത്തുകയും ചെയ്തിട്ടുണ്ട്. നിരവധിപേര് ആയുധം വച്ച് കീഴടങ്ങി.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും, നിയമവാഴ്ച ഉറപ്പുവരുത്താനും ബാധ്യസ്ഥമായ സര്ക്കാരുമായി ഏറ്റുമുട്ടി വിജയിക്കാന് കഴിയില്ലെന്ന് ഉറപ്പായതോടെ അടവുനയം എന്ന നിലയ്ക്ക് പാര്ലമെന്ററി ജനാധിപത്യത്തിന്റെ പാത തെരഞ്ഞെടുത്ത പാര്ട്ടിയാണ് സിപിഐ (എംഎല്). ബീഹാറില് കോണ്ഗ്രസ്സ് ഉള്പ്പെടുന്ന മഹാഗഠ്ബന്ധന്റെ ഭാഗമായി മത്സരിച്ച് ചില സീറ്റുകളില് ഈ പാര്ട്ടി ജയിക്കുകയും ചെയ്തു. ഈ പാര്ട്ടിയുടെ വിദ്യാര്ത്ഥി വിഭാഗമാണ് നേഹ നേതൃത്വം നല്കുന്ന എഐഎസ്എ. മാവോയിസ്റ്റുകള് വനവാസികളെ മറയാക്കുന്നതുപോലെ എഐഎസ്എ വിദ്യാര്ത്ഥികളെ ഉപയോഗിക്കുന്നു.
രാജ്യത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടും നിയമസംവിധാനങ്ങളോടുമുള്ള വിരോധമാണ് നേഹ ബോറയെ ഇസ്ലാമിക തീവ്രവാദികളുടെ ഇഷ്ടക്കാരിയാക്കുന്നത്. ഈ യുവതിയുടെ സൈനികനായിരുന്ന പിതാവിന് മറ്റാരെക്കാളും ഇതൊക്കെ മനസ്സിലാക്കാന് കഴിയുമല്ലോ. ഈ രാജ്യദ്രോഹം തിരിച്ചറിയുന്നതു കൊണ്ടാണ് രാജ്യത്തിനുവേണ്ടി പോരാടിയ ആ മനുഷ്യന് വര്ഷങ്ങളായി സ്വന്തം മകളോട് മിണ്ടാത്തത്. മക്കളെ നേഹയെപ്പോലെ വളര്ത്താന് ആഗ്രഹിക്കുന്ന മറ്റു മാതാപിതാക്കളും ഈ സത്യം തിരിച്ചറിയണം.
















