തിരുവനന്തപുരം: സി.എം.ആര്.എല്.- എക്സാലോജിക് കേസില് ആരോപണവിധേയനായ സി.പി.എം. നേതാവ് പിണറായി വിജയനെതിരെയുള്ള കോണ്ഗ്രസ് നിലപാടുകളില് വന് മാറ്റം സംഭവിക്കുന്നതായി സൂചന. മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ. മുരളീധരന്, വൈദ്യുത മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എന്നിവര് ഒരുമിച്ച് പിണറായി വിജയന് അനുകൂലമായ നിലപാടിലേക്ക് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് സി.എം.ആര്.എല്.- എക്സാലോജിക് വിഷയം പ്രധാന പ്രചരണ വിഷയമാക്കിയാണ് യു.ഡി.എഫ്. നേതാക്കള് വോട്ട് തേടിയതും വിജയിച്ച് അധികാരത്തിലെത്തിയതും. എന്നാല് ഇപ്പോള് കേസില് ഒന്നുമില്ലെന്ന് കോണ്ഗ്രസ് നേതാക്കള് തന്നെ പരോക്ഷമായി സമ്മതിക്കുന്ന സ്ഥിതിയാണുള്ളത്.സി.എം.ആര്.എല്.- എക്സാലോജിക് കേസിന്റെ പേരില് ഇനി കോണ്ഗ്രസുകാര് ആരും പിണറായി വിജയനെ കുറ്റം പറയരുതെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
പത്രസമ്മേളനത്തില് തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങള് ഒടുവില് കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് കടുത്ത വാക്കേറ്റത്തിലേക്കാണ് വഴിമാറിയത്. കേസില് സ്വീകരിച്ച അയഞ്ഞ നിലപാടിനെ ചോദ്യംചെയ്ത മാത്യു കുഴല്നാടന് എം.എല്.എ. യോഗത്തില് പൂര്ണ്ണമായും ഒറ്റപ്പെട്ടു.യോഗത്തില് കുഴല്നാടന് തന്റെ കടുത്ത പ്രതിഷേധം അറിയിച്ചെങ്കിലും, സര്ക്കാരിന്റെ പ്രവര്ത്തനത്തിന് വികാരമല്ല വിവേകമാണ് വേണ്ടതെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ യോഗത്തില് വച്ച് മറ്റ് പ്രമുഖ നേതാക്കളും പിന്തുണയ്ക്കുകയാണുണ്ടായത്.
എക്സാലോജിക് കേസില് താന് ഒറ്റയാള്പ്പോരാട്ടമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴല്നാടന് സംസാരിച്ചു തുടങ്ങിയത്. കേസ് നടത്തിയതിന്റെ പേരില് വലിയ വേട്ടയാടലുകള് താന് നേരിട്ടുവെന്നും വിജിലന്സ് അന്വേഷണം വരെയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന് ചാണ്ടിക്ക് കൊടുക്കാത്ത നീതി പിണറായിക്ക് ഈ സര്ക്കാര് നല്കേണ്ടതില്ലെന്നും കേസില് ഇപ്പോഴത്തെ സര്ക്കാരിന്റെ നടപടി ഒട്ടും ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് കത്തുനല്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും വിഷയം പരിശോധിച്ചിട്ടുണ്ടെന്നും ഇ.ഡി. നല്കിയ കത്തില് തിടുക്കപ്പെട്ട് കേസുമായി പോകുന്നത് രാഷ്ട്രീയമായി ശരിയായ രീതിയാവില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി ആരോപിച്ചു. വരും ദിവസങ്ങളിൽ സർക്കാരിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാകും ബിജെപി തീരുമാനം.
















