ദേവീമാഹാത്മ്യത്തിലെ മഹിഷാസുരവധകഥയിൽ ദേവതകളുടെ തേജസ്സുകൾ ഒന്നിച്ചുചേർന്നാണ് മഹാശക്തിയുടെ ഈ രൂപം പ്രകടമായത്. പുരാണകഥകളിൽ മഹർഷി കാത്യായനന്റെ തപസ്സിനും ആരാധനയ്ക്കും അനുഗ്രഹമായി ദേവി അദ്ദേഹത്തിന്റെ ആശ്രമത്തിൽ പുത്രിയായി പിറവിയെടുത്തു എന്നതാണ്. അതുകൊണ്ട് ‘കാത്യായനി’ എന്ന പേര് കാത്യായന മഹർഷിയുമായി ബന്ധപ്പെട്ട ദേവി എന്ന അർത്ഥം നൽകുന്നു. കാത്യായനി സങ്കൽപത്തെ മഹിഷാസുരമർദ്ദിനി രൂപവുമായി ബന്ധപ്പെടുത്തി മനസിലാക്കാൻ ശ്രമിക്കുമ്പോൾ, മഹിഷാസുരന്റെ രൂപം മനുഷ്യന്റെ ഉള്ളിലെ മൃഗീയമായ അഹങ്കാരം, നിയന്ത്രണമില്ലാത്ത വാഞ്ഛ, ജഡത, അധികാരമോഹം തുടങ്ങിയവയുടെ പ്രതീകമായിയാണ് കാണേണ്ടത്. മഹിഷം എന്നത് എരുമയെ സൂചിപ്പിക്കുന്നു.
എരുമയുടെ ഭാരം, ജഡത, അപ്രതിരോധ്യമായ മുന്നേറ്റം എന്നിവയെ പ്രതീകമായി എടുത്താൽ, മഹിഷാസുരൻ ജഡബലത്തിന്റെ അഹങ്കാരം എന്ന നിലയിൽ വിലയിരുത്തപ്പെടണം. അതിനെ നേരിടാൻ കാത്യായനി സ്വീകരിക്കുന്ന ശക്തി വെറും ഭൗതികബലം അല്ല.വിവേകത്തോടുകൂടിയ ധർമ്മശക്തിയാണ്.
മഹിഷാസുരവധത്തെ വെറും ദേവിയും അസുരനും തമ്മിലുള്ള യുദ്ധമായി മാത്രം കാണേണ്ട ഒന്നല്ല. ഓരോ മനുഷ്യന്റെയും ഉള്ളിൽ ചിലപ്പോൾ, ജഡത,അഹങ്കാരം, അധികാരലോലുപത,നിയന്ത്രണമില്ലാത്ത ആഗ്രഹം,സ്വയം ശരിയാണെന്ന മിഥ്യാഭാവം
എന്നിവ ശക്തിപ്പെടാം.
ഇവയെല്ലാം ചേർന്ന് ഒരു ‘അന്തരംഗ മഹിഷാസുരനെ’ സൃഷ്ടിക്കുന്നു.
കാത്യായനി അവിടെ സ്വയം ജയിക്കാനുള്ള തീരുമാനത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് കാത്യായനിയുടെ വാൾ പുറത്തുള്ള ശത്രുവിനെക്കാൾ മുമ്പ് അന്തരംഗത്തിലെ അധർമ്മത്തെ ലക്ഷ്യമിടുന്നു.
സൗന്ദര്യവും ഉഗ്രതയും ഒരുമിച്ച കാത്യായനി ദേവി
കാത്യായനി ദേവിയുടെ രൂപത്തിന് നാലുകൈകളാണ് സാധാരണയായി നൽകുന്നത്. കൈകളിൽ വാൾ, താമര തുടങ്ങിയവയും അഭയ-വരദമുദ്രകളും കാണപ്പെടുന്നു; ചില പാരമ്പര്യങ്ങളിൽ രൂപത്തിലും ധ്യാനത്തിലും വ്യത്യാസങ്ങളുണ്ട്. ദേവിയുടെ രൂപത്തിന്റെ പ്രത്യേകത സൗന്ദര്യവും യുദ്ധസന്നദ്ധതയും ഒരേ ശരീരത്തിൽ സംയോജിക്കുന്നതാണ്. ഭയാനകതയുടെ മാത്രം രൂപമല്ല. ശുദ്ധമായ സൗന്ദര്യത്തിന് പിന്നിലെ അചഞ്ചലമായ ശക്തിയാണ്. കാത്യായനിയുടെ സിംഹം ധർമ്മത്തിന്റെ ചലനശക്തിയാണ്. ധർമ്മം നിശ്ചലമായ ഒരു ആശയം മാത്രമായി നിന്നാൽ അതിന് സമൂഹത്തെ സംരക്ഷിക്കാൻ കഴിയില്ല.
അത് അനീതിയുടെ മുന്നിൽ നടക്കണം. ചിലപ്പോൾ സംസാരിക്കണം. ചിലപ്പോൾ പ്രതിരോധിക്കണം. അതിനാൽ കാത്യായനിയുടെ സിംഹം ധർമ്മത്തിന്റെ സജീവമായ ഇടപെടലിന്റെ പ്രതീകമായി കാണാം. എന്താണ് ശരി എന്ന് മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്, അതിലേറെ പ്രധനമാണ്
അതനുസരിച്ച് നിലകൊള്ളുക എന്നത്.
കാത്യായനി നമ്മെ പഠിപ്പിക്കുന്നത് ഈ രണ്ടിനുമിടയിലെ അകലം ഇല്ലാതാക്കാനാണ്.
അറിഞ്ഞ ധർമ്മം പ്രവർത്തിയിൽ വരുമ്പോഴാണ് അത് ജീവിക്കുന്ന ധർമ്മമാകുന്നത്.
കാത്യായനിയുടെ കൈയിലെ താമര ദേവിയുടെ രൂപത്തിന് അത്യന്തം പ്രധാനപ്പെട്ട ഒരു സമതുലിതാവസ്ഥ നൽകുന്നു. ഒരു കൈയിൽ വാൾ. മറ്റൊരു കൈയിൽ താമര.
ഈ രണ്ടു പ്രതീകങ്ങളും ചേർന്നാണ് കാത്യായനിയുടെ സമ്പൂർണ്ണത.
നീതി കഠിനമാകാം; പക്ഷേ അത് ഹൃദയരഹിതമാകരുത്.
വാൾ മാത്രം ഉണ്ടായാൽ ശക്തി ക്രൂരതയാകാം.
താമര മാത്രം ഉണ്ടായാൽ കരുണ നിർജ്ജീവതയാകാം. കാത്യായനി ഈ രണ്ടിനെയും സമന്വയിപ്പിക്കുന്നു.
കഠിനതയ്ക്ക് പിന്നിൽ കരുണയും, കരുണയ്ക്ക് പിന്നിൽ ധർമ്മത്തിന്റെ ഉറപ്പും. കാത്യായനിയുടെ അഭയഹസ്തം ഒരു ഭക്തിപരമായ അനുഗ്രഹമുദ്ര മാത്രമായി കാണേണ്ടതില്ല. അത് ഒരു ആത്മീയ പ്രഖ്യാപനമാണ് ധർമ്മത്തിൽ ഉറച്ചുനിൽക്കുന്നവന് ഭയത്തെക്കാൾ വലിയൊരു ശക്തി ഉള്ളിലുണ്ട്.
അഭയം എന്നത് പുറംലോകത്തിൽ യാതൊരു അപകടവും ഉണ്ടാകില്ല എന്ന വാഗ്ദാനമല്ല.
മറിച്ച് അപകടമുണ്ടായാലും സ്വന്തം ധാർമ്മിക നിലപാട് ഉപേക്ഷിക്കാതിരിക്കാനുള്ള അന്തർബലം നൽകുന്നതാണ്. കാത്യായനിയുടെ വരദമുദ്ര ഉപാസനയിലെ ഉയർന്ന തലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുക എന്നതിലപ്പുറം, ശുദ്ധമായ സങ്കൽപത്തിന് ദൈവിക പിന്തുണ ലഭിക്കുന്നു എന്ന ആശയമാണ് ഇവിടെ പ്രധാനമാക്കാവുന്നത്.
കാത്യായനി ഉപാസനയിൽ അതിനാൽ ‘എനിക്ക് എന്ത് വേണം, എന്ന ചോദ്യത്തേക്കാൾ ഗഹനമായ ചോദ്യം, “എനിക്ക് വേണ്ടത് ധർമ്മാനുസൃതമായതാണോ?”എന്നതാണ്.
ഈ ചോദ്യം തന്നെയാണ് ഉപാസനയെ വെറും ആഗ്രഹസാഫല്യത്തിൽനിന്ന് ആത്മപരിശോധനയിലേക്ക് ഉയർത്തുന്നത്.
ഒരു സ്ത്രീയുടെ ജീവിതത്തിന്റെ മൂല്യം അവളുടെ ബന്ധങ്ങളിലൂടെ മാത്രം നിർവചിക്കപ്പെടേണ്ടതില്ല. അവൾക്ക് സ്വന്തം ലക്ഷ്യമുണ്ട്. സ്വന്തം തീരുമാനങ്ങളുണ്ട്.
സ്വന്തം ധർമ്മബോധമുണ്ട്. സ്വന്തം ശക്തിയുണ്ട്. കാത്യായനിയുടെ സ്വതന്ത്ര ദേവീഭാവം അതിനാൽ സ്ത്രീയുടെ ആത്മനിർണ്ണയത്തിന്റെയും അന്തർഗൗരവത്തിന്റെയും ഒരു ശക്തമായ പ്രതീകമായി കാണാൻ നമുക്ക് സാധിക്കണം.
ദേവിയെ പുറംലോകത്തിലെ ഒരു ദൈവിക വ്യക്തിത്വമായി മാത്രം കാണാതെ സാധകന്റെ ഉള്ളിൽ ഉണരുന്ന ശക്തിയുടെ പരിണാമായി കാണണം. അങ്ങനെ നോക്കുമ്പോൾ കാത്യായനി ദേവി വ്യക്തമായ സങ്കൽപം, ശുദ്ധമായ ഇച്ഛാശക്തി, ധർമ്മബോധമുള്ള പ്രവർത്തനം, അനീതിയെ നിരസിക്കുന്ന അന്തർബലം, സ്വതന്ത്രമായ ചൈതന്യം എന്നിവയെ ഉൾക്കൊള്ളുന്ന ശക്തിയായി മാറുന്നു. ഇവിടെ ‘ശക്തി’ എന്നത് വെറും ഊർജമല്ല. ലക്ഷ്യ ബോധമുള്ള ഊർജമാണ്. കൂഷ്മാണ്ഡയിൽ പ്രകാശമായി ജനിച്ച ശക്തി, സ്കന്ദമാതാവിൽ ഹൃദയത്തിൽ വളർന്ന്, കാത്യായനിയിൽ ധർമ്മസങ്കൽപമായി പുറത്തേക്ക് വരുന്നു.
മഹിഷാസുരൻ ഒരിക്കൽ മാത്രം കൊല്ലപ്പെടുന്ന ഒരു അസുരനല്ല. മനുഷ്യന്റെ ഉള്ളിലെ ജഡത ഓരോ ദിവസവും വീണ്ടും ജനിക്കാം. അഹങ്കാരം വീണ്ടും ഉയരാം.
അധികാരമോഹം വീണ്ടും വരാം. സ്വാർത്ഥത വീണ്ടും മനസ്സിനെ മൂടാം. അതിനാൽ കാത്യായനിയുടെ വാൾ ഒരിക്കൽ മാത്രം ഉപയോഗിക്കേണ്ടതല്ല. വിവേകവും ധർമ്മസങ്കൽപവും ഓരോ ദിവസവും പുതുക്കേണ്ടതാണ്. ഇതാണ് കാത്യായനി ഉപാസനയുടെ രഹസ്യവും സന്ദേശവും.
നവരാത്രിയുടെ ആറാം രാത്രിയിൽ കാത്യായനി നമ്മെ ഒരു പുതിയ ആത്മീയ പടിയിലേയ്ക്ക് കൊണ്ടുപോവുകയാണ്. ശക്തി നമ്മിൽ ജനിച്ചു, അത് വളർന്നു,അതിന് ജ്ഞാനവും കരുണയും ലഭിച്ചു.ഇപ്പോൾ അതിന് ഒരു ധർമ്മസങ്കൽപം വേണം… ദേവിയുടെ സിംഹം പറയുന്നു, “പിന്നോട്ടുപോകരുത്”. ദേവിയുടെ വാൾ പറയുന്നു, “തെറ്റിനെ തിരിച്ചറിഞ്ഞാൽ അതിനെ മുറിക്കാനുള്ള ധൈര്യം വേണം”.
ദേവിയുടെ താമര പറയുന്നു, “കഠിനതയ്ക്കുള്ളിലും ഹൃദയത്തിന്റെ നിർമലത സംരക്ഷിക്കണം”. അഭയഹസ്തം പറയുന്നു, “ ധർമ്മത്തിൽ ഉറച്ചുനിൽക്കുക”. വരദഹസ്തം പറയുന്നു, “ശുദ്ധമായ സങ്കൽപം അനുഗ്രഹമായി വളരും”. അങ്ങനെ കാത്യായനി നവരാത്രിയുടെ ആറാം ഘട്ടത്തിൽ ഒരു ദേവതയായി മാത്രം നിൽക്കുന്നില്ല.
അനീതിയുടെ മുമ്പിൽ പിന്മാറാത്ത ആത്മഗൗരവമാണ്.
സൗന്ദര്യവും ശക്തിയും ഒരേ ഹൃദയത്തിൽ ധരിച്ച ആദിശക്തിയാണ്.
നവരാത്രിയുടെ ഈ ഘട്ടത്തിൽ സാധകന്റെ ഉള്ളിൽ ഉയരുന്ന ചോദ്യം,
“എന്റെ ശക്തി എന്തിനുവേണ്ടിയാണ്?”
അതിന് കാത്യായനി നൽകുന്ന ഉത്തരം
“ധർമ്മത്തിനായി… ധർമ്മത്തിനായി…
ധർമ്മത്തിനായി”….
















