തൃശൂർ: വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവനോളം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അയൽവാസി പിടിയിൽ. കാറളം സ്വദേശിനി സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി മുഹമ്മദ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനും മരുമകളും ചേർന്ന് സാവിത്രിയുടെ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്തായിരുന്നു സംഭവം. തൃശൂർ റൂറൽ എസ്.പി. മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സാവിത്രിയുടെ മകനും മരുമകളും അച്ഛനെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലേക്ക് പോയതായിരുന്നു.
ഈ സമയം സ്കൂളിൽ നിന്ന് തിരിച്ചെത്തിയ പേരക്കുട്ടിയാണ് കട്ടിലിൽ സാവിത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇതൊരു കൊലപാതകമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാവിത്രി ഉടുത്തിരുന്ന സാരിയുടെ കോണുകൊണ്ടുതന്നെ കഴുത്തുഞെരിച്ചും, മുഖംപൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചുമാണ് കൊലപാതകം നടത്തിയിരുന്നത്. 16 പവന്റെ ആഭരണങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
വീട്ടുകാർ പുറത്തുപോയത് കൃത്യമായി നിരീക്ഷിച്ച ശേഷമാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഗൾഫിൽ ജോലിലുണ്ടായിരുന്ന മുഹമ്മദ് റാഫി, നാട്ടിൽ തിരിച്ചെത്തിയ ശേഷം വലിയ കടക്കെണിയിലായിരുന്നു. ഇതിൽ നിന്ന് കരകയറാനാണ് സാവിത്രി തനിച്ചാണെന്ന് മനസിലാക്കി ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണു മൊഴി. സാവിത്രിയുടെ തൊട്ടടുത്ത സ്വന്തം വീട്ടിൽ കഴിഞ്ഞ നാലര വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു റാഫി. സാവിത്രിക്ക് ഇയാൾ സ്വന്തം മകനെപ്പോലെയായിരുന്നു. ആവശ്യസമയത്ത് സഹായത്തിനായി ഓടിയെത്തുമായിരുന്ന അയൽവാസി തന്നെ കൊലയാളിയായി മാറിയതിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.
സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് നായ വീടിനു പുറകുവശത്തുകൂടെ പോയി മെയിൻ റോഡിൽ എത്തിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ ഉപയോഗിച്ച മുളക് പൊടിയുടെ കവറിൽ നിന്ന് ലഭിച്ച വിരലടയാളമാണ് കേസിൽ നിർണായക വഴിത്തിരിവായത്. പൊലീസിനെ സഹായിക്കാനായി ഒപ്പം കൂടിയിരുന്ന അയൽവാസിയാണ് യഥാർത്ഥ പ്രതിയെന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് തിരിച്ചറിയുകയായിരുന്നു.
















