പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് കാലം അഴിമതിരഹിതവും സംശുദ്ധവുമാക്കാന്‍ ഹൈക്കോടതിയും ദേവസ്വം ബോര്‍ഡും നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഇടത് അനുകൂലികളായ ദേവസ്വം ഉദ്യോഗസ്ഥര്‍ എല്ലാം അട്ടിമറിക്കുന്നതായി ആരോപണം. ശര്‍ക്കര കരാര്‍ വൈകിയതിന്റെ പ്രധാന കാരണവും ഉദ്യോഗസ്ഥ നിസ്സംഗതയാണെന്ന് സൂചനയണ്ട്. രാഷ്‌ട്രീയലക്ഷ്യത്തിനു ശബരിമലയെ കരുവാക്കാനുള്ള സിപിഎം ശ്രമത്തെ ശക്തമായി നേരിടാന്‍ യുഡിഎഫ് സര്‍ക്കാരിനും ദേവസ്വം മന്ത്രി കെ. മുരളീധരനും ആവുന്നുമില്ല.
കഴിഞ്ഞ സീസണില്‍ മില്‍മ നെയ് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്ക് പിന്നിലും ഇടതുപക്ഷ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് അറിവ്. തമിഴ്നാട്ടിലെ ഒരു സ്വകാര്യ ഡയറി കുറഞ്ഞ തുകയ്‌ക്ക് ടെന്‍ഡര്‍ നല്‍കിയിട്ടും അത് മറികടന്ന് ഉയര്‍ന്ന വില ക്വോട്ട് ചെയ്ത മില്‍മയ്‌ക്ക് കരാര്‍ നല്‍കുകയായിരുന്നു. മില്‍മയില്‍ നിന്നുള്ള നെയ്യ് സന്നിധാനത്ത് എത്തുന്നതിന് മുന്‍പ് വഴിതിരിച്ചുവിട്ടതായും പകരം തമിഴ്നാട്ടില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ വ്യാജ നെയ്യ് പമ്പയിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സന്നിധാനത്തേക്ക് കടത്തിവിട്ടെന്നും ആരോപണമുണ്ട്.
ഇത്തവണ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യുടെ ഗുണനിലവാര പരിശോധനക്ക് ആധുനിക ലാബുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും അതും വൈകുകയാണ്. സംഭരണ ടാങ്കുകളില്‍ നിന്നും ബാച്ച് അടിസ്ഥാനത്തില്‍ മൂന്ന് സാമ്പിളുകള്‍ വീതം ശേഖരിച്ച ശേഷം ആദ്യ സാമ്പിള്‍ സന്നിധാനത്തെ ലാബിലും രണ്ടാം സാമ്പിള്‍ ഫുഡ് സേഫ്റ്റി, ഹെല്‍ത്ത്, ഫോറന്‍സിക് വിഭാഗങ്ങള്‍ അടങ്ങിയ സെന്‍ട്രല്‍ ലാബുകളിലും പരിശോധിക്കും. മൂന്നാമത്തെ സാമ്പിള്‍ തുടര്‍നടപടികള്‍ക്കായി ഫ്രീസറില്‍ സൂക്ഷിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. പക്ഷേ നടത്തിപ്പില്‍ തെല്ലും പുരോഗതിയില്ല.
ഭക്തരുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി പ്രസാദ നിര്‍മാണം ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കുമെന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം.
ഇതിനായി നിര്‍മാണശാലകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അരവണ പ്ലാന്റ് നവീകരണം പോലും തുടങ്ങാന്‍ വൈകി. അതോടെ അരവണക്കും ക്ഷാമം നേരിട്ടു. ശര്‍ക്കരയുടെ ഗുണനിലവാരവും കമ്പനിയുടെ പ്രാപ്തിയും ഉറപ്പാക്കാന്‍ ദേവസ്വം വിജിലന്‍സ് നേരിട്ട് പരിശോധന നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശര്‍ക്കരയുടെ കരാര്‍ പോലും ഇതുവരെ ആയിട്ടില്ല. കരാര്‍ എടുക്കാന്‍ മുന്നോട്ടുവന്ന കമ്പനിയുടെ പ്രാപ്തിയെപ്പറ്റിയും സംശയം നിലനില്‍ക്കുന്നു. കൂടാതെ ഇത്തവണ സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് വഴിയും ശര്‍ക്കര വാങ്ങുമെന്നാണ് നേരത്തെ പറഞ്ഞത്. ഇതേപ്പറ്റി ഇപ്പോള്‍ മിണ്ടാട്ടമില്ല.
















