തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ സ്ഥാനം രാജിവെക്കുന്നുവെന്ന വാർത്തകളിൽ വ്യക്തത വരുത്തി മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖ. താൻ കൗൺസിലറായി തുടരുമെന്നും മരിക്കും വരെ ബി.ജെ.പിയിൽ തന്നെ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് രാജി വിവാദങ്ങളിലെ യഥാർത്ഥ വസ്തുതകൾ അവർ വിശദീകരിച്ചത്. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവി ലഭിക്കാത്തതിലുള്ള അമർഷമാണ് രാജിക്ക് പിന്നിലെന്ന പ്രചാരണം ശ്രീലേഖ പൂർണ്ണമായും തള്ളി. ബി.ജെ.പിയിൽ ചേർന്നത് മുതൽ വേട്ടയാടുകയാണെന്നും താൻ എന്നും നരേന്ദ്ര മോദിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന ആളാണെന്നും അവർ വ്യക്തമാക്കി. കോൺഗ്രസിലേക്ക് പോകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അസംബന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
ശാസ്തമംഗലം വാർഡിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് താൻ കടന്നുപോയത്. ജോലിയിൽ ചെറിയ കാലതാമസം ഉണ്ടാകുമ്പോൾ പോലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരാമർശങ്ങൾ നേരിടേണ്ടി വന്നു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതിനാലും വിശ്രമം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാലും മാത്രമാണ് സെപ്റ്റംബർ 30-ന് മേയർക്കും ജില്ലാ കളക്ടർക്കും കത്തയച്ചതെന്ന് അവർ വ്യക്തമാക്കി.
















