കൊച്ചി: നെടുമ്പാശ്ശേരിയിലെ അത്താണിയിൽ മിനി കൂപ്പർ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്.
മൂവരുടെയും മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്‌ക്ക് പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുഹൈലിന്റെ ശരീരത്തിൽ അമിത അളവിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട് . മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൂന്ന് ബാറുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും പോയി മദ്യപിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോകൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വിമാനത്താവളത്തിൽ വന്നിറങ്ങിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനാണ് സുഹൈൽ സജീവ് നെടുമ്പാശ്ശേരിയിൽ എത്തിയത്.
അപകടത്തിന് ശേഷം കാറിൽ നിന്നിറങ്ങിയ ഇയാൾ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുമായും മറ്റുള്ളവരുമായും വഴക്കുണ്ടാക്കിയിരുന്നു . മൂന്ന് നിരപരാധികളുടെ ജീവൻ കവർന്ന അപകടത്തിന് ശേഷം, “എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും” എന്ന് സുഹൈൽ അഹങ്കാരത്തോടെ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു .
മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ ഇയാൾ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. . ആലപ്പുഴ അലിശ്ശേരി സ്വദേശികളായ സജീവ് ജമാൽ, നൂഹ സജീവ് എന്നിവരുടെ മകനാണ് 18-കാരനായ സുഹൈൽ സജീവ്. ആലപ്പുഴയിലും കൊച്ചിയിലും ശാഖകളുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ‘IHA Designs’ ഇവരുടേതാണ്.
ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള ‘IHA Designs’-ന്റെ സോഷ്യൽ മീഡിയ പേജുകൾക്കായി നൂഹയും സുഹൈലും ചേർന്നാണ് വീഡിയോകൾ ചെയ്യുന്നത്. രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ് സുഹൈൽ. കാക്കനാട്ടെ ഗോൾഡ് ടവർ എന്ന അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് ഇവരുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ചോദ്യം ചെയ്യലിനിടെ സുഹൈൽ അഹങ്കാരത്തോടെയാണ് പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സുഹൈലിനെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പും ഒരുങ്ങുന്നതായാണ് വിവരം.
















