ദോഹ : റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന. സൗദി നേതൃത്വത്തിലുള്ള സഖ്യസേന തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ആക്രമണത്തിന് ശേഷം ഹൂത്തികൾക്കെതിരെ ആക്രമണം നടത്താൻ സൗദി അറേബ്യയുമായി ചേരുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കൂടാതെ സൗദി പ്രധാനമന്ത്രി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിളിക്കാൻ പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ആക്രമണത്തെത്തുടർന്ന് റിയാദിലെ സ്കൂളുകൾ ഒരാഴ്ചത്തേക്ക് ഓൺലൈൻ പഠനരീതിയിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾക്ക് അയച്ച ഇമെയിലിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, റിയാദിലെ എല്ലാ സ്കൂളുകളും ഈ ആഴ്ച മുഴുവൻ ഓൺലൈൻ പഠനരീതിയിലേക്ക് മാറുന്നതാണ് എന്ന് ഇമെയിലിൽ പറയുന്നു.
റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണത്തെ അറബ് ലീഗ് അപലപിച്ചു
സൗദി അറേബ്യയ്ക്കെതിരെ തുടരുന്ന ഹൂതി ആക്രമണങ്ങളെ അറബ് ലീഗ് അപലപിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഏറ്റവും പുതിയ ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. സിവിൽ ഏവിയേഷൻ സൗകര്യങ്ങളെ ആവർത്തിച്ച് ലക്ഷ്യമിടുന്നത് അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അവർ പറഞ്ഞു.
“ഇത് സാധാരണക്കാരുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യോമഗതാഗതത്തിനും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയുയർത്തുന്നു,” – ‘എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ അവർ വ്യക്തമാക്കി.
കൂടാതെ സൗദി അറേബ്യയോടും, സ്വയം പ്രതിരോധത്തിനായി രാജ്യം സ്വീകരിക്കുന്ന നടപടികളോടുമുള്ള ഐക്യദാർഢ്യം അറബ് ലീഗ് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷ അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ് എന്നും അവർ കൂട്ടിച്ചേർത്തു.















