
കൊച്ചി: തമിഴ്‌നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിക്കായുള്ള ആദ്യ ബാച്ച് സ്വർണ്ണ മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി പ്രമുഖ ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്. പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കൾക്ക് നൽകാനുള്ള 89,955 മോതിരങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറായതെന്ന് കമ്പനി അറിയിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 89,955 മോതിരങ്ങളുടെ പാക്കിങ്ങും വിതരണത്തിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. തിരഞ്ഞെടുത്ത 107 സർക്കാർ ആശുപത്രികളിലേക്കാണ് മോതിരങ്ങൾ എത്തിക്കുന്നത്. കൃത്യമായ ഒരു ഗ്രാം തൂക്കത്തിലും 22 കാരറ്റ് ശുദ്ധിയിലുമാണ് മോതിരങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഓരോ മോതിരത്തിലും ബി.ഐ.എസ് ഹാൾമാർക്കിന് പുറമേ സുതാര്യതയ്‌ക്കായി ആറ് അക്ക എച്ച്.യു.ഐ.ഡി (HUID) നമ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള ജോയ്ആലുക്കാസിന്റെ പ്രത്യേക കേന്ദ്രങ്ങളിൽ നിന്നാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്.
ഈ വർഷം ജൂൺ 22നു ശേഷം തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ എല്ലാ നവജാത ശിശുക്കൾക്കും ഒരു ഗ്രാം വീതമുള്ള 22 കാരറ്റ് സ്വർണ്ണ മോതിരം സമ്മാനിക്കുന്നതാണ് ഈ ബൃഹദ് പദ്ധതി. തമിഴ്‌നാട്ടിലുടനീളമുള്ള ഏകദേശം 4.41 ലക്ഷം കുരുന്നുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. സ്വർണ്ണ വില ഒഴികെയുള്ള നിർമ്മാണക്കൂലി, ബി.ഐ.എസ് ഹാൾമാർക്കിംഗ്, ഇൻഷുറൻസ്, വിതരണം, പാക്കിംഗ് എന്നിവയ്‌ക്ക് വെറും ഒരു പൈസ മാത്രം ഈടാക്കിയാണ് ജോയ്ആലുക്കാസ് പദ്ധതിയുടെ ഭാഗമാകുന്നത്.
തമിഴ്‌നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. വർഷങ്ങളായി തമിഴ്‌നാട്ടിലെ ജനങ്ങൾ നൽകുന്ന പിന്തുണയ്‌ക്ക് കൃതജ്ഞത അറിയിക്കാനുള്ള അവസരമായാണ് ഈ പദ്ധതിയെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.