പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല-മകരവിളക്കിന് മുന്നോടിയായി നടക്കുന്ന കുത്തക ലേലത്തില്‍ അഴിമതി ഒഴിവാക്കുന്നതില്‍ ഇക്കുറിയും ദേവസ്വം ബോര്‍ഡിന് വീഴ്ച. ലേല നടപടികളും കരാറും മനപൂര്‍വ്വം ദീര്‍ഘിപ്പിച്ച് ബോര്‍ഡ് അഴിമതിക്ക് കളമൊരുക്കുകയാണെന്ന ആരോപണവും ശക്തം. ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍, നാളികേരം, പ്രസാദ നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ എന്നിവയ്‌ക്കുള്ള ലേലത്തിലാണ് അഴിമതി ഏറെ.
ഹൈക്കോടതി ഇടപെടലിനും വിജിലന്‍സ് അന്വേഷണത്തിനും ഇത് വഴിവെച്ചിട്ടുണ്ട്. പത്രങ്ങളില്‍ നല്‍കിയ സമയത്തു ലേലം നടത്താതെ രഹസ്യമായി ലേലം നടത്തുന്നത് പതിവ് സംഭവമാണ്.
ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമുള്ളവര്‍ക്ക് ലേലം ഉറപ്പിക്കാനാണ് ഈ അട്ടിമറി. നിയമവിരുദ്ധമായി തീയതി നീട്ടിയ ചില ലേല നടപടികള്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇ-ടെന്‍ഡര്‍ പോര്‍ട്ടലുകളില്‍ പൊതുവായ അറിയിപ്പ് നല്‍കാതെ, ലേലത്തില്‍ പങ്കെടുക്കുന്ന ചില പ്രത്യേക വ്യക്തികള്‍ക്ക് മാത്രം വെബ്സൈറ്റിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി ചോര്‍ത്തി നല്‍കുന്നതായി കോടതി കണ്ടെത്തിയിരുന്നു.
പ്രസാദ നിര്‍മ്മാണത്തിനുള്ള ശര്‍ക്കര വിതരണം, അരവണക്കുള്ള ടിന്‍ വിതരണം എന്നിവയുടെ ലേല നടപടികള്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ജീവനക്കാര്‍ തന്നെ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. ലേലം വൈകുന്നതുമൂലം ബോര്‍ഡിന് വന്‍നഷ്ടം ഉണ്ടാകുന്നതും പ്രസാദ വിതരണം പ്രതിസന്ധിയിലാകുന്നതും പുതിയ കാര്യമല്ല. ഇത്തവണയും ശര്‍ക്കര, അരി എന്നിവയുടെ ടെന്‍ഡര്‍ വൈകുകയാണ്.
ലേലത്തുക പൂര്‍ണമായി അടയ്‌ക്കാത്തവരെയും ബോര്‍ഡിന് വലിയ ബാധ്യത വരുത്തിയവരെയും നിബന്ധനകള്‍ ലംഘിച്ച് വീണ്ടും ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചത് ഉദ്യോഗസ്ഥ കരാര്‍ ലോബി അവിശുദ്ധബന്ധത്തിന് തെളിവാണ്. പുതിയ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ അജ്ഞത ചൂഷണം ചെയ്താണ് ഉദ്യോഗസ്ഥന്‍ ഈ തിരിമറികള്‍ നടത്തുന്നത്.
ഭക്തര്‍ സമര്‍പ്പിക്കുന്ന നാളികേരം ശേഖരിക്കുന്നതിനും ഭക്തര്‍ക്ക് പൂക്കള്‍ വിതരണം ചെയ്യുന്നതിനുള്ള ലേലത്തിലും അഴിമതി കണ്ടെത്തിയതിനാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ലേലങ്ങള്‍ ഭാഗികമായി റദ്ദാക്കി പുനര്‍ലേലത്തിന് ഉത്തരവിട്ട സംഭവങ്ങളുമുണ്ട്. എങ്കിലും ഓരോ വര്‍ഷവും ഇത് ആവര്‍ത്തിക്കുന്നു. ലേലത്തിലൂടെയും കൗണ്ടറുകളിലൂടെയും വില്‍ക്കുന്ന ആടിയ ശിഷ്ടം നെയ്യ് വിതരണത്തില്‍ ലക്ഷക്കണക്കിന് രൂപ രേഖകളില്‍ ഉള്‍പ്പെടുത്താതെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത് കഴിഞ്ഞ വര്‍ഷമാണ്.
















