വില്‍പ്പനയ്‌ക്ക് വച്ചിരിക്കുന്ന പഴയൊരു വീട് കാണുവാന്‍ പോയി. വാങ്ങാനല്ല; ഒന്നു കണ്ടിരിക്കാമല്ലോയെന്നു കരുതി. മക്കളാണ് പറഞ്ഞത് അച്ഛനും അമ്മയും ഒന്നുപോയി കണ്ടുനോക്കാന്‍… കണ്ടുകഴിഞ്ഞ് ഇഷ്ടപ്പെട്ടാല്‍….
ഒറ്റനോട്ടത്തില്‍ പഴക്കമൊന്നും തോന്നിയില്ല. വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നത് കൊണ്ടാവാം നന്നായൊന്നു മോടിപിടിപ്പിച്ചിട്ടുണ്ട്. പുതു പെയിന്റിന്റെ ഗന്ധം… കട്ടളപ്പടികള്‍, ജനലഴികള്‍, വാതില്‍പ്പാളികള്‍ക്കൊക്കെയും പുതുനിറം, പുതു ഗന്ധം…
എന്തിനു വില്‍ക്കുന്നുവെന്ന് ആരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി: ‘പ്രായം കൂടിയില്ലേ…’
ജനല്‍പ്പാളിയിലെ കണ്ണാടിച്ചില്ലില്‍ പതിഞ്ഞ സ്വന്തം രൂപം ഒരിക്കല്‍ക്കൂടി കണ്ണട തുടച്ചുവച്ചു: ‘ശരിയാണ്… പ്രായം കൂടിവരുന്നു…’
വലിയൊരു വീട്, ധാരാളം മുറികള്‍, നല്ല വായു സഞ്ചാരം… എന്തു ചെയ്യാം… പ്രായമായിപ്പോയില്ലേ…
ഈ വീട്ടില്‍ എത്രപേര്‍ താമസിച്ചിരിക്കാം ഇതുവരെ? എത്രപേരുടെ ശ്വാസനിശ്വാസങ്ങള്‍ പതിഞ്ഞ മുറിയിടങ്ങള്‍, വിരല്‍ സ്പര്‍ശമേറ്റ ഭിത്തികള്‍… അടുക്കളയില്‍ വെന്തു, തിളച്ചു, തണുത്ത എത്രയെത്ര നെടുവീര്‍പ്പുകള്‍… അവരൊക്കെ ഇപ്പോഴെവിടെ…? അവര്‍ക്കും പ്രായമായോ…?
അടുക്കള കട്ടളപ്പടിയില്‍ പുതുനി
റത്തിനും മായ്‌ക്കാനാവാത്ത നരച്ചുപോയൊരു ഓര്‍മ്മക്കുളിര്…
വീടുകണ്ട് പുറത്തിറങ്ങിയപ്പോള്‍ മക്കളുടെ ഫോണ്‍… ‘അച്ഛനും അമ്മയ്‌ക്കും വീടിഷ്ടപ്പെട്ടോ…? ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ക്കറിയാം…’
മറുപടി പറയാതെ മതിലിനോട് ചേര്‍ത്തുവെച്ച ബോര്‍ഡിലെ മാറാല നരച്ച, വിറയല്‍ ബാധിച്ച കൈപ്പടം കൊണ്ട് മെല്ലെ തുടച്ചു…
‘വില്‍പ്പനയ്‌ക്ക്…’
















