പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സീസണിലെ കരാറുകളുടെ പേരില്‍ ശബരിമലയില്‍ കോടികളുടെ തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം നെയ്യ് വാങ്ങിയതിലാണ് വന്‍നഷ്ടമെങ്കില്‍ ഇക്കുറി ശര്‍ക്കര കരാര്‍ മനപൂര്‍വം ദീര്‍ഘിപ്പിച്ചതിലൂടെയാണ് നഷ്ടം. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധ ബന്ധമാണ് പിന്നില്‍. കഴിഞ്ഞ സീസണില്‍ നെയ്യ് വാങ്ങാന്‍ മില്‍മയുമായുണ്ടാക്കിയ കരാറില്‍ 2.27 കോടിയുടെ നഷ്ടമുണ്ടായതായാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് എസ്‌ഐടി അന്വേഷിക്കുന്നു. നെയ്യ് വാങ്ങിയത് സംബന്ധിച്ച് വിശദമായ ഓഡിറ്റുണ്ടാകുമെന്ന് ചൊവ്വാഴ്ച വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇക്കുറി പുറത്തുനിന്നു കരാറടിസ്ഥാനത്തില്‍ നെയ്യ് വാങ്ങുന്നതിനു പകരം ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് പൂജകള്‍ക്കും പ്രസാദമുണ്ടാക്കാനും ഉപയോഗിക്കാനാണ് തീരുമാനം. തീര്‍ത്ഥാടന കാലത്ത് പ്രതിദിനം 1000 ലിറ്ററോളം നെയ്യാണ് ഭക്തരില്‍ നിന്ന് നെയ്‌ത്തോണികള്‍ വഴി വലിയ സംഭരണികളിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ സീസണില്‍ അരവണ നിര്‍മാണത്തിന് മില്‍മയില്‍ നിന്ന് 1,50,000 ലിറ്ററിലധികം നെയ്യ് ഓര്‍ഡര്‍ നല്കിയെത്തിച്ചെങ്കിലും, അതില്‍ 19,800 ലിറ്ററോളം മാത്രമേ ഉപയോഗിച്ചുള്ളൂ. ബാക്കി നെയ്യ് സ്റ്റോക്കിലുണ്ട്. ഇതുപയോഗിച്ച് ഇക്കുറി 70 ലക്ഷം കണ്ടെയ്‌നര്‍ അരവണ സീസണ് മുമ്പു തയാറാക്കും.
കഴിഞ്ഞ തവണ 1.65 ലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാനാണ് ബോര്‍ഡ് അനുമതിയേകിയത്. ഇതിന് ഇ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ലിറ്ററിന് 369 രൂപ രേഖപ്പെടുത്തിയ കമ്പനിയെ ഒഴിവാക്കി 510 രൂപ രേഖപ്പെടുത്തിയ മില്‍മയ്‌ക്ക് കരാര്‍ നല്കിയതിലൂടെ രണ്ടേകാല്‍ കോടിയുടെ നഷ്ടം.
മില്‍മ രേഖകള്‍ പ്രകാരം വിതരണം ചെയ്തതായി കാണിച്ചിരിക്കുന്നത് 1,61,535 ലിറ്റര്‍ നെയ്യ്. 8.41 കോടി (8,41,50,000) ഇതിന് ചെലവായി. ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് നഷ്ടത്തിന് കാരണക്കാര്‍.
ഇത്തവണ ശര്‍ക്കര കരാര്‍ വൈകിയതിനാല്‍ ബോര്‍ഡിന് 3.75 കോടി രൂപയുടെ നഷ്ടമുണ്ടായി. മേയില്‍ ആരംഭിക്കേണ്ട ശര്‍ക്കര ലേല നടപടികള്‍ ആഗസ്ത് ഒന്‍പതിനാണ് ആരംഭിച്ചത്. വൈകിയ ടെന്‍ഡറുകള്‍ തുറന്ന് പരിശോധിച്ചത് സപ്തം. 14ന് മാത്രം. ലേല നടപടികള്‍ വൈകിയതിനാല്‍ കരാറുകാര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കിലോയ്‌ക്ക് 7.51 രൂപ കൂട്ടിയാണ് ക്വാട്ട് ചെയ്തത്. ഇത് ബോര്‍ഡിന് അധിക ബാധ്യത വരുത്തി. ശബരിമലയിലെ കടകള്‍, ഹോട്ടലുകള്‍, തേങ്ങ തുടങ്ങിയവയുടെ കുത്തക ലേല നടപടികളും ഏറെ വൈകി.
കരാര്‍ക്കമ്പനികളും ഉദ്യോഗസ്ഥ ലോബിയും തമ്മിലെ രഹസ്യധാരണയാണ് കരാര്‍ത്തുക ഓരോ വര്‍ഷവുമുയരാന്‍ കാരണം.
















