ന്യൂദല്‍ഹി: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയും മുട്ടില്‍ മരംമുറിക്കേസിലെ പ്രതിയുമായ ആന്റോ അഗസ്റ്റിനെതിരേ സംസ്ഥാനത്ത് 37 കേസുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍ ബോധിപ്പിച്ചു. മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് വിനോ
ദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്.
മരംമുറിക്കേസില്‍ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, മരംമുറിക്കേസുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വഞ്ചനാക്കേസും വയനാട് കോടതിയിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഒരു കേസിന്റെ നടപടികള്‍ക്കുശേഷം അടുത്ത കേസും പരിഗണിക്കണം, കോടതി വയനാട് കോടതിയോട് നിര്‍ദേശിച്ചു. വയനാട്ടിലെ മുട്ടിലില്‍ നിന്ന് അനധികൃതമായി വെട്ടിക്കടത്തിയ മരങ്ങള്‍, അധികൃതരുടെ അനുമതിയോടെ വെട്ടിയതാണെന്ന് പറഞ്ഞ്, മലബാര്‍ ടിംബര്‍ ഇന്‍ഡസ്ട്രീസ് ഉടമ എം.എം. അലിയാരില്‍ നിന്ന് ആന്റോ സഹോദരങ്ങള്‍ 1.40 കോടി തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ വാദം തുടങ്ങേണ്ടതായിരുന്നു. ഈ കേസാണ് വയനാട്ടിലേക്കു മാറ്റിയത്.
















