ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ വിദ്വേഷ പോസ്റ്റിട്ട കോണ്‍ഗ്രസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ഈ പോസ്റ്റ് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഭരണഘടനാ പദ്ധതിക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
തീര്‍പ്പുകല്‍പ്പിക്കാത്ത കാര്യങ്ങളില്‍ ജഡ്ജിമാരെ ലക്ഷ്യം വച്ചുള്ള പൊതു പ്രചാരണങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ 12 ന് കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ‘എക്‌സ്’ ഹാന്‍ഡിലില്‍ ഇട്ട വിദ്വേഷ പോസ്റ്റാണ് ഹര്‍ജിക്ക് ആധാരം. ‘പ്രിയപ്പെട്ട സൂര്യകാന്ത്, ക്രമസമാധാനപാലനം നിങ്ങളുടെ മേഖലയല്ലെങ്കില്‍, രാജിവയ്‌ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിവുള്ള മറ്റൊരാളെ ഞങ്ങള്‍ കണ്ടെത്തിക്കൊള്ളാം’ എന്നതായിരുന്നു കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിന്‌റെ വിവാദ പോസ്റ്റ്. സമാനമായ പോസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും ഇട്ടിരുന്നു. ‘സൂര്യയ്‌ക്ക് തീര്‍ച്ചയായും കഴിയില്ല. അപ്പോള്‍ നമ്മള്‍ ചെയ്യും’ എന്നായിരുന്നു അവരിട്ട പോസ്റ്റ്.
കോണ്‍ഗ്രസ് പാര്‍ട്ടി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, മഹുവ മൊയ്ത്ര, അഖിലേഷ് യാദവ് എന്നിവരെയാണ് ഹര്‍ജിയില്‍ പ്രതിചേര്‍ത്തിരിക്കുന്നത്
















