തിരുവനന്തപുരം : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ വധഭീഷണി. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ബന്ധുക്കളാണ് പെണ്‍കുട്ടിക്കെതിരെ ഭീഷണിയുമായി എത്തിയത്.
ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും ഇതുസംബന്ധിച്ച് പരാതി നല്‍കി. കേസിലെ പ്രതികളുടെ ബന്ധുക്കള്‍ നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും പെണ്‍കുട്ടി കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. കൂടാതെ പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ആക്രമിക്കുകയും കേസ് ഒത്തു തീര്‍പ്പാക്കാക്കാന്‍ പോലീസ് ശ്രമം നടത്തുന്നതായും പെണ്‍കുട്ടി ആരോപിച്ചു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായവരെ കാണാന്‍ മറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇത് പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലേക്ക് നീങ്ങിയതോടെയാണ് ഡിസിപി ചൈത്ര തെരേസ ജോണ്‍ കേസെടുത്ത് പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്തത്.
















