ദല്‍ഹി: ക്യാമറക്കണ്ണുകള്‍ക്കു മുമ്പില്‍ ലവലേശം കൂസലില്ലാതെ നില്‍ക്കുന്ന, ചിത്രങ്ങളെടുക്കാന്‍ ഇഷ്ടപ്പെടുന്ന, വിദ്യാര്‍ഥികള്‍ക്കായി പുസ്തകമെഴുതിയ പ്രധാനമന്ത്രി. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. മോദിക്കുള്ളിലെ ഫോട്ടോഗ്രാഫര്‍ ഇന്നലെ പകര്‍ത്തിയത് മനോഹരമായ ചിത്രങ്ങള്‍. സിക്കിമിലെ പക്യോങ് വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി പോകവെ താന്‍ പകര്‍ത്തിയ സിക്കിമിന്റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന വിശേഷണത്തോടെ മോദി ട്വിറ്ററില്‍ പങ്കുവച്ചു.
ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. സ്വച്ഛം മനോഹരം! സിക്കിമിലേക്കുള്ള യാത്രാമധ്യേ പകര്‍ത്തിയത്… ആകര്‍ഷകവും അവിശ്വസനീയവും! എന്ന കുറിപ്പാണ് പടങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കിയത്. ഹിമാലയന്‍ താഴ്‌വര പ്രദേശമായ സിക്കിമിന്റെ എല്ലാ ഭംഗികളും ഒപ്പിയെടുത്തവയാണ് പ്രധാനമന്ത്രിയുടെ ചിത്രങ്ങളെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമലോകത്തെ സംസാരം.
ലോകരാഷ്‌ട്രത്തലവന്‍മാര്‍ക്കൊപ്പവും യാത്രകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി എടുക്കുന്ന സെല്‍ഫികളും മറ്റു ചിത്രങ്ങളും ഇതിനു മുന്‍പും വൈറലായിട്ടുണ്ട്. എന്നാല്‍ ക്യാമറ കൈകാര്യം ചെയ്യാനും തനിക്ക് സാധിക്കുമെന്ന് മോദി ഇതോടെ തെളിയിച്ചിരിക്കുകയാണ്. നേരത്തെയും മോദി ചില പൊതുപരിപാടികളില്‍ ക്യാമറയുമായി എത്തിയിട്ടുണ്ട്. മുന്‍പ് കടുവയുടെ ചിത്രമെടുത്ത് മോദി ശ്രദ്ധ നേടിയിരുന്നു.
















