കോട്ടയം: 59 -ാമത് കെ.സി.മാമ്മന്‍മാപ്പിള ട്രാഫിയ്‌ക്കുവേണ്ടിയുള്ള ഉത്രാടംതിരുനാള്‍ പമ്പാ ജലമേള 27ന് ഉത്രാടം നാളില്‍ ഉച്ചയ്‌ക്ക് 2 ന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. വള്ളംകളിയുടെ മുന്നോടിയായ അത്തം മുതല്‍ തിരുവോണംവരെ വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വഞ്ചിപ്പാട്ട് മത്സരം, കലാമേള, കുടുംബമേള, ഓണവുമായി അനുബന്ധിച്ചുള്ള നാടന്‍ കലാമത്സരങ്ങള്‍, ഓണസദ്യ തുടങ്ങിവയാണ് പരിപാടികള്‍. തിരുവിതാംകൂറിലെ എല്ലാ ജില്ലകളിലും നടത്തുന്ന സ്‌കൂള്‍തല കലാമേഖലയുടെ ഉദ്ഘാടനം 26ന് രാവിലെ 10ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജില്‍ നടക്കും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെയും കെ.സി.മാമ്മന്‍മാപ്പിളയുടേയും പേരില്‍ പുറത്തിറങ്ങുന്ന സ്മരണിക പ്രകാശനം 25ന് തിരുവനന്തപുരത്ത് നടക്കും.
















