റിയാദ്:റിയാദില് നഴ്സായ വയനാട് സ്വദേശിനി ഫിലോമിനയെ ജിദ്ദ വിമാനത്താവളത്തില് വച്ച് കാണാതായ സംഭവത്തില് വഴിത്തിരിവ്.അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റ് അറിയിച്ചു.
സൗദി അറേബ്യയില് നിരോധിച്ച മരുന്നുകള് കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തില് നിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.വയനാട് സുല്ത്താന് ബത്തേരിക്ക് സമീപം നീലഗിരി ജില്ലാ അതിര്ത്തിയിലെ അയ്യങ്കൊല്ലി ‘ആനന്ദ് നിവാസ്’ രവി – ശെല്വി ദമ്പതികളുടെ മകളായ 32 കാരി ഫിലോമിന, മൂന്ന് വര്ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില് നഴ്സായി ജോലി ചെയ്യുകയാണ്.വാര്ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവില് നിന്നുള്ള വിമാനത്തിലാണ് ഇവര് ജിദ്ദയിലേക്ക് പോയത്. ജിദ്ദയില് നിന്നും കണക്ഷന് ഫ്ലൈറ്റ് വഴിയാണ് ഇവര് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്.
ജിദ്ദയില് വിമാനമിറങ്ങിയ ശേഷം കുടുംബത്തിന് ശബ്ദസന്ദേശമയച്ചെങ്കിലും പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.റിയാദ് ഇന്ത്യന് എംബസിയുടെയും ജിദ്ദ കോണ്സുലേറ്റിന്റെയും സാമൂഹ്യ പ്രവര്ത്തകരുടെയും നേതൃത്വത്തില് ആവശ്യമായ നിയമനടപടികളും തുടര്നീക്കങ്ങളും പുരോഗമിക്കുന്നു.
















