പാലാ: നഗരസഭയിലെ ബിജെപി അംഗം അഡ്വ. ബിനു പുളിക്കക്കണ്ടം വ്യാഴാ ഴ്ച നഗരസഭാ ഹാളില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. ബിനുവിനു പിന്തുണയുമായി സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരിയടക്കമുള്ള ബിജെപി നേതാക്കള്‍ എത്തി.
ബിജെപി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ പാലായില്‍ പ്രകടനവും നഗരസഭാ മന്ദിരത്തിനു മുന്നില്‍ പ്രതിഷേധ യോഗവും നടത്തി. സമ്മേളനത്തില്‍ സുമേഷ് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, എന്‍.കെ. ശശികുമാര്‍, കെ. എന്‍. മോഹനന്‍ പനയ്‌ക്കല്‍, ബിമല്‍ വിജയനാഥ് എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭ കൊട്ടാരമറ്റത്തും പാലാ തെക്കേക്കരയിലും നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ ലേലത്തിലെ അഴിമതി, നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൂച്ചട്ടികള്‍ സ്ഥാപിച്ചത് സംബന്ധിച്ച നടപടികള്‍ ഇവ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചെയര്‍മാന് നല്‍കിയ നിവേദനം ചര്‍ച്ചയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.
















