കൊച്ചി: നിവിന്‍ പോളിക്ക് പകരം ‘ദിലീപ് ആയിരുന്നു ബെത്ലഹേം കുടുംബ യൂണിറ്റില്‍ നായകനായിരുന്നെങ്കില്‍ 300 കോടിക്ക് പകരം 500 കോടി അടിച്ചേനെയെന്ന് ശാന്തിവിള ദിനേശ്. മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറില്ലെന്നും കഥയും സിനിമ നിര്‍മ്മിക്കുന്ന പുതിയ രീതിയുമാണ് മുഖ്യമെന്നും ശാന്തിവിള ദിനേശ് മൈ മീഡിയ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
ശാന്തിവിള ദിനേശിന്റെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍:
‘സിനിമ എന്ന് പറഞ്ഞാൽ പ്രസന്റ് ടൈമിൽ വിജയിച്ചു നിൽക്കുന്നവന് മാത്രം സ്ഥാനമുള്ള ഇടമാണ്. ദിലീപിന്റെ ഒക്കെ നിലനിൽപ്പ് അപകടത്തിലാണ്. തുടർച്ചയായിട്ട് പരാജയങ്ങളാണ് അത് അയാളുടെ കുഴപ്പം കൊണ്ടല്ല, അയാൾ സെലക്ട് ചെയ്യുന്ന പടങ്ങളുടെ കുഴപ്പം കൊണ്ടാണ്. ദിലീപ് ഭഭബ പോലുള്ള കൂതറ സിനിമകൾ ചെയ്ത് നശിക്കും. അതിന്റെ കൂടെ ആ നല്ലൊരു നടനായ മോഹൻലാലിനെ കൂടെ കൊണ്ടുവന്നത് എന്തിനാണ് നശിപ്പിച്ചത് എന്ന് എനിക്കറിയില്ല. സത്യം പറഞ്ഞാൽ ഭഭബ കണ്ടപ്പോൾ എനിക്ക് ദിലീപിനോട് ഭയങ്കര ദേഷ്യം തോന്നി. അതുപോലെ ബാന്ദ്ര, അയാളുടെ അത്ര പൊക്കുള്ള ആള്‍ ഒരു ചുരുട്ടും എടുത്ത് കടിച്ച് പിടിച്ച് നടക്കുന്നു. കേരളത്തിൽ എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ ഇങ്ങനെ ഒരുത്തനെ?
പ്രിൻസ് ആൻഡ് ഫാമിലി ഒക്കെ ഓടുമ്പോഴെങ്കിലും അയാൾ മനസ്സിലാക്കണ്ടേ മലയാളി എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള ക്യാരക്ടറുകളാണെന്ന്. അടുത്ത വീട്ടിലെ ചെറുപ്പക്കാരന്റെ റോൾ ആണെങ്കിലേ എനിക്ക് നിൽക്കാൻ പറ്റു എന്ന് അയാൾ മനസ്സിലാക്കണ്ടേ? അതിനുപകരം ജാക്കി ഷറഫോ അല്ലെങ്കിൽ മിഥുൻ ചക്രവർത്തിയൊക്കെ ഒരു കാലത്ത് ചെയ്തിരുന്ന പോലത്തെ വേഷങ്ങളൊക്കെ എടുത്ത് എന്തിനാണ് ചെയ്യുന്നത്. ബാന്ദ്ര പോലുള്ള സിനിമ 30 കോടിയാണ് കളഞ്ഞത്.
ഇനിയും ദിലീപിന് മലയാള സിനിമയിൽ സ്പേസ് ഉണ്ട്. തിളക്കവും ചാന്തുപൊട്ടും പോലുള്ള പടങ്ങളിലേക്ക് തിരിച്ചുപോയാൽ ദിലീപിന് ഇപ്പോഴും ആ സ്പേസ് ഉണ്ട്. തിളക്കം, സിഐഡി മൂസ പോലുള്ള പടങ്ങളിലേക്ക് തിരിച്ചുപോയാൽ അയാൾക്ക് ഇനിയും മടങ്ങിവരാൻ സാധിക്കും. ഹ്യൂമർ താല്പര്യമുള്ളവർക്ക് എത്ര കാലം കഴിഞ്ഞാലും പ്രശ്നമില്ല.
പുതിയ ആളുകളെ വെച്ച് പുതിയ രീതിയിൽ ചിന്തിക്കണം. ഒപ്പം സിനിമ മാറിയതും കൂടെ മനസ്സിലാക്കണമെന്നേ ഉള്ളൂ. പഴത്തൊലി ചവിട്ടി വിഴുന്ന കോമഡിയുടെ കാലം കഴിഞ്ഞു. ബെത്ലഹേം കുടുംബ യൂണിറ്റിൽ ദിലീപ് ആയിരുന്നു എങ്കിൽ 300 കോടിക്ക് പകരം 500 കോടി അടിച്ചേനെ. ഒന്ന് പ്രായത്തിന്റെ മെച്യൂരിറ്റി. പ്രായം കൂടിയ ആളാണല്ലോ ഈ പെണ്ണിനെ കയറി പ്രേമിക്കുന്നത്. രണ്ട് അത്തരം ഹ്യൂമറുകൾ വഴങ്ങുന്ന ആളാണല്ലോ ദിലീപ്. അതുകൊണ്ട് നിവിൻ പോളിക്ക് പകരം ദിലീപിനെ അവിടെ പ്ലേസ് ചെയ്തിരുന്നെങ്കിൽ ഈ ബെത്ലഹേം കുടുംബ യൂണിറ്റ് ഭയങ്കര രസകരമായേനെ എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ.
വാഴ രണ്ട്, ഭരതനാട്യം മോഹിനിയാട്ടം ഇതിൽ നിന്നൊക്കെ ദിലീപ് പഠിക്കണം. അണ്ടർലൈൻ ഇട്ട് പറയുകയാണ്. പഴത്തൊലി ചവിട്ടി വീഴുന്ന ഹ്യൂമർ നിന്നു. അത് ഉണ്ടാവരുത്. ഇപ്പോൾ മലയാളത്തിൽ സൂപ്പർ സ്റ്റാർ ഒന്നുമില്ല. രണ്ടു പടം ഇറങ്ങിയാൽ നാല് പടം പൊട്ടും. നിവിൻ പോളിയുടെ ‘സർവ്വംമായ’ നന്നായിട്ട് ഓടി. അതിനുശേഷം അയാളുടെ ഒരു പടം വന്നു ‘പ്രതിഛായ’, ദയനീയമായി പൊട്ടി. പോസ്റ്റർ ഒട്ടിച്ച പൈസ പോലും കിട്ടിയില്ല. അത് കഴിഞ്ഞപ്പോൾ അയാളുടെ ബത്ലഹേം ഭയങ്കര ഹിറ്റ് ആയി. ഇതിനര്‍ത്ഥം മലയാളത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ഇല്ല എന്നാണ്.
















