ന്യൂദല്‍ഹി: സിജെപി പ്രവര്‍ത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് കര്‍ക്കശ ഉപാധികളോടെ ജാമ്യം അനുവദിച്ച് ദല്‍ഹിയിലെ പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി. മൂന്ന് ദിവസം കൂടി ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടുവെങ്കിലും
ജാമ്യവ്യവസ്ഥകള്‍ പാലിച്ചതിനെത്തുടര്‍ന്ന് കോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
നിരോധനാജ്ഞ ലംഘിച്ചതിനാണ് 14 ന് അവരെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 19 ന് രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി. ഇരുവരുടെയും പെരുമാറ്റം നിയമത്തോട് ബഹുമാനമില്ലെന്ന് തെളിയിക്കുന്നതാണെന്നും തുടര്‍ന്നും അവര്‍ ശാന്തിയും സമാധാനവും ലംഘിക്കുമെന്ന ആശങ്കയുണ്ടെന്നും വിലയിരുത്തിയാണ് കോടതി നേരത്തെ കസ്റ്റഡി നീട്ടിയത്. മാത്രമല്ല സാധുവായ ജാമ്യക്കാരെ ഹാജരാക്കാന്‍ അവര്‍ക്കു കഴിഞ്ഞതുമില്ല. ആ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
ഇതിനിടെ ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് പ്രത്യേക കോടതി വിഷയം പരിഗണിക്കുന്നതിനാല്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നില്ല.
















