തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ട്രാവല്‍ ഏജന്റല്ല താനെന്നും അത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും ശശി തരൂര്‍ എം പി.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ രാഹുല്‍ വിദേശത്തേക്ക് പോയതിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
‘ഞാന്‍ അദ്ദേഹത്തിന്റെ ട്രാവല്‍ ഏജന്റല്ല. അതുകൊണ്ട് എന്നോട് ഇക്കാര്യം ചോദിച്ചിട്ട് യാതൊരു കാര്യവുമില്ല. ഞാനും ദല്‍ഹിയിലെ പരിപാടികള്‍ വിട്ടല്ലേ ഇപ്പോള്‍ ഇങ്ങോട്ട് വന്നത്? ഓരോ വ്യക്തികള്‍ക്കും അവരുടേതായ ഉത്തരവാദിത്തങ്ങളും ചുമതലകളുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ല,’ തരൂര്‍ പറഞ്ഞു.
ദല്‍ഹിയില്‍ പച്ചക്കള്ളങ്ങള്‍ വിളിച്ച് കൂവി മടുത്തതോടെയാണ് രാഹുല്‍ ഗാന്ധി വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയതെന്നാണ് ബിജെപി പരിഹസിച്ചത്.
















