പാരീസ് : ഫ്രാൻസിൽ നടന്ന കലാപം കൃത്യമായി ആസൂത്രണം ചെയ്തതെന്ന് സൂചന. മുസ്ലീം വിശ്വാസികളുടെ ഉടമസ്ഥതയിലുള്ള ഷോപ്പുകളും, ഓഫീസുകളും ഒഴിവാക്കിയായിരുന്നു ആക്രമണം . ജൂതന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തെരഞ്ഞു പിടിച്ചായിരുന്നു ആക്രമണം . പാരീസിലെ ഒരു സിനഗോഗിൽ അക്രമികൾ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
ഫ്രാൻസിലുടനീളം നടന്ന പ്രകടനങ്ങൾ അക്രമാസക്തമായതോടെ, ചില ജൂത ആരാധനാ കൂട്ടായ്‌മകൾ ‘ഷബ്ബത്ത്’ (ശനിയാഴ്ച) ദിനത്തിലെ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനകൾ പോലും റദ്ദാക്കിയതായി സമുദായ അംഗം ‘ഫോക്സ് ന്യൂസ് ഡിജിറ്റലി’നോട് പറഞ്ഞു. കടയുടമ തങ്ങളുടെ അതേ മുസ്ലീം സമുദായത്തിൽ പെട്ട ആളാണെന്ന് മനസ്സിലായപ്പോൾ കലാപകാരികൾ ചില കടകൾ ഒഴിവാക്കി പോകുകയും ചെയ്തതായി മാധ്യമപ്രവർത്തകനായ മാർക്ക് വിയെറ്റ്സ്മാൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
ജൂതന്മാർ തങ്ങളുടെ പരമ്പരാഗത തലപ്പാവായ ‘കിപ്പ’ ധരിക്കുന്നതോ, മതപരമായ വസ്ത്രധാരണത്തിന്റെ ഭാഗമായ ‘സിറ്റ്‌സിറ്റ്’ പോലുള്ളവ പുറത്ത് കാണുന്ന രീതിയിൽ ധരിക്കുന്നതോ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുകളിൽ നിർദ്ദേശിച്ചിട്ടുണ്ട് . പ്രാർത്ഥനയ്‌ക്ക് ശേഷം സിനഗോഗുകൾക്ക് പുറത്ത് നിൽക്കരുതെന്നും വിശ്വാസികളോട് ആവശ്യപ്പെട്ടു. “പ്രാർത്ഥനയ്‌ക്ക് പോകുക, ഉടൻ തന്നെ അവിടെ നിന്ന് മടങ്ങുക – അതാണ് അവസ്ഥ,” എന്നും വിശ്വാസികൾ പറഞ്ഞു. പല അക്രമികളും ജൂത ഷോപ്പുകൾ തേടി വന്നത് പലസ്തീൻ കൊടികളുമേന്തിയാണ്.
“ഇതിന് വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇവിടെ നടക്കുന്നത് ആസൂത്രിതമായ അക്രമമാണ്; പ്രതിഷേധിക്കാനല്ല, മറിച്ച് നശിപ്പിക്കാനും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും, റിപ്പബ്ലിക്കിന്റെ അധികാരത്തെ വെല്ലുവിളിക്കാനുമാണ് ഇക്കൂട്ടർ വരുന്നത്,” എന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
















