വാഷിങ്ടണ്‍: ഫ്രാന്‍സില്‍ കത്തിപ്പടരുന്ന അക്രമത്തില്‍ കുടിയേറ്റത്തെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൃദയത്തിൽ വെറുപ്പുമായി വരുന്ന ആളുകളുടെ കുടിയേറ്റം മഹത്തായ രാജ്യമായിരുന്ന ഫ്രാൻസിനെ തകർത്തെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. ഫ്രാൻസ് കത്തുകയാണ്. വൈകുന്നതിന് മുൻപ് അതിർത്തികൾ അടയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്യണമെന്നും ട്രംപ് പറഞ്ഞു. കുടിയേറ്റത്തെ പഴിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും രംഗത്തെത്തി.
“വൈവിധ്യത്തിന്റെയും അനുകമ്പയുടെയും പേരിൽ പാശ്ചാത്യ ലിബറലുകൾ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവരെ ഫ്രാൻസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൊണ്ടുവന്നു. എന്നാൽ, ഇവർക്ക് ആ സമൂഹവുമായി എത്രത്തോളം ഇണങ്ങിപ്പോകാൻ കഴിയുമെന്നതടക്കമുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളെ അവർ അവഗണിച്ചു”-വാന്‍സ് ‘എക്സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.ഇങ്ങനെയൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും പക്ഷേ അവർ അത് ചെവിക്കൊണ്ടില്ലെന്നും വാന്‍സ് വിമര്‍ശിച്ചു.
മനോഹരമായ രാജ്യമായ ഫ്രാന്‍സിലെ ഇപ്പോഴത്തെ ഈ അവസ്ഥ അവസാനിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. അമേരിക്കക്കാരും ഈ വിഷയം ശ്രദ്ധിക്കണം. കാരണം ഡെമോക്രാറ്റുകള്‍ യുഎസില്‍ ആഗ്രഹിക്കുന്നത് ഇത്തരമൊരു ഭാവിയാണെന്നും വാന്‍സ് പറഞ്ഞു.
കൂടുതൽ അധ്യാപകരെയും മെച്ചപ്പെട്ട സ്കൂൾ സൗകര്യങ്ങളും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭമാണ് ഫ്രാൻസിൽ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്.5.50 ലക്ഷം പേര് പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍ എട്ട് ലക്ഷം പേര് പങ്കെടുത്തതായി സിജിടി യൂണിയന് അവകാശപ്പെട്ടു. സമാധാനപരമായി തുടങ്ങിയ മാർച്ചുകൾ പിന്നീട് തീവെപ്പിലേക്കും കൊള്ളയടിക്കലിലേക്കും പൊതു കെട്ടിടങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിലേക്കും വഴിമാറി.
രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്.വിവിധയിടങ്ങളില്‍ കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വാഹനങ്ങളും കത്തിനശിച്ചു. പാരീസിലും മറ്റ് നഗരങ്ങളിലുമായി മുഖംമൂടി ധരിച്ച യുവാക്കൾ നിരവധി കടകൾ കൊള്ളയടിച്ചു. അഞ്ഞൂറിലധികം പൊലീസുകാരും അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കൽ ജീവനക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
















