പാരീസ് : ഫ്രാൻസിൽ ഉടലെടുത്ത അക്രമാസക്തമായ പ്രക്ഷോഭങ്ങൾക്കും തെരുവ് അക്രമങ്ങൾക്കും കാരണം അനധികൃത കുടിയേറ്റമാണെന്ന് ആരോപിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യൂറോപ്യൻ രാജ്യങ്ങളും അതിർത്തികൾ ഉടൻ അടയ്‌ക്കണമെന്നും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ പ്രശ്നങ്ങളോ മറ്റ് ആഭ്യന്തര കാരണങ്ങളോ അല്ല, മറിച്ച് അനിയന്ത്രിതമായ കുടിയേറ്റമാണ് ഫ്രാൻസിലെ പ്രതിസന്ധിക്ക് കാരണമെന്ന് ട്രംപ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് അതിർത്തികൾ തുറന്നുകൊടുത്തത് ഫ്രാൻസ് ചെയ്ത വലിയ തെറ്റാണെന്ന് മാക്രോണുമായുള്ള സംഭാഷണത്തിൽ താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
“പാരീസ് ഉടൻ തന്നെ ഒരു മുസ്ലീം നഗരമായി മാറും,” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ അതിർത്തികൾ അടയ്‌ക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പുറത്താക്കുകയും ചെയ്തില്ലെങ്കിൽ യൂറോപ്പിന്റെ ഭാവി അപകടത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതച്ചെലവ് വർദ്ധനവിനെതിരെ പാരിസിലും മറ്റ് നഗരങ്ങളിലും ആരംഭിച്ച പ്രതിഷേധങ്ങളാണ് രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങളിലേക്ക് വഴിമാറിയത്.
















