നാഗ്പൂര്‍: മയക്കുമരുന്നിനെതിരെ രാജ്യവ്യാപകമായ പ്രതിരോധത്തിന് സ്വയംസേവകര്‍ തയാറാവണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മയക്കുമരുന്നിനെതിരെ പോരാടുന്ന എല്ലാവരെയും ഒരുമിപ്പിച്ച് ചേര്‍ത്ത് ഒരു മുന്നേറ്റം ഉണ്ടാകണം. ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാനുള്ള വിവേകം കുടുംബങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കണം. മയക്കുമരുന്ന് ആസക്തിയെ വളര്‍ത്തുന്ന എല്ലാ പ്രവണതകളില്‍ നിന്നും പുതിയ തലമുറ അകന്നു നില്‍ക്കണം, അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ആസക്തി ഗുരുതരമായ ഒരു ദേശീയ പ്രശ്‌നമാണെന്നും സര്‍ക്കാരും ഭരണകൂടവും സമൂഹവും അത് സമയബന്ധിതമായി അഭിസംബോധന ചെയ്യുകയും അതിനെ മറികടക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം നാഗ്പൂരില്‍ വിജയദശമി പ്രഭാഷണത്തില്‍ പറഞ്ഞു.
ഭാവിയില്‍, പരമവൈഭവശാലിയായ, ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തം പുതിയ തലമുറയുടെ ചുമലിലാണുള്ളത്. ഈ വെല്ലുവിളി സ്വീകരിക്കാനും അതിന് വിജയകരമായി ഉത്തരം നല്കാനും യുവാക്കള്‍ പൂര്‍ണമായും സജ്ജരായിരിക്കണം.
ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായ നേപ്പാളിലെ ഭീകരമായ ദുരന്തത്തിന് ഹിമാലയന്‍ മേഖലയിലുടനീളമുള്ള ഏകപക്ഷീയമായ വികസനത്തിന്റെ അനന്തരഫലങ്ങളും കാരണമായിട്ടുണ്ട്. വികസനത്തെക്കുറിച്ചുള്ള സമഗ്രവും സന്തുലിതവുമായ ഒരു കാഴ്ചപ്പാട് വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. അറിവിനും സാങ്കേതികവിദ്യയ്‌ക്കുമൊപ്പം അവയുടെ ഉപയോഗത്തിലെ ധാര്‍മ്മികവും ഭൗതികവുമായ അച്ചടക്കവും നാം പരിശീലിക്കണം. അല്ലെങ്കില്‍ ആറ്റങ്ങളുടെ ഘടനയെക്കുറിച്ചുള്ള അറിവ് ശുദ്ധമായ ഊര്‍ജ്ജത്തേക്കാള്‍ ജീവന്‍ നശിപ്പിക്കുന്ന ആയുധങ്ങള്‍ നല്‍കും. കൃത്രിമബുദ്ധി പോലെ വളരെ ഉപയോഗപ്രദമായ സാങ്കേതികവിദ്യകള്‍ പോലും തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവും അസത്യജടിലവുമായ കാര്യങ്ങള്‍ നല്‍കും.
സംഘടിതവും ശക്തവുമായ ഒരു ഹിന്ദു സമാജത്തിനായി വാദിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ എല്ലാ മതങ്ങളെയും ആദരിക്കുന്നതിനോ രാജ്യത്തിന്റെ ഐക്യമനോഭാവത്തിനോ വിരുദ്ധമല്ല. ഹിന്ദു സമൂഹത്തിന്റെ ലോകവീക്ഷണവും സ്വഭാവവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ സംഘടിത ഹിന്ദുസമാജം എല്ലാവരും തമ്മിലുള്ള ഐക്യത്തെയും സൗഹൃദത്തെയും ശക്തിപ്പെടുത്തുകയേയുള്ളൂ എന്ന് നാം മനസ്സിലാക്കണം. തലമുറകളായി കൈമാറിവന്ന ഈ സ്വഭാവവും മൂല്യങ്ങളും തന്നെയാണ്, ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനെ സ്വന്തം ജീവന്‍ അപകടത്തിലാക്കിക്കൊണ്ട്, മനുഷ്യജീവിതങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വയം സമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാള്‍ വിഭജനത്തിന്റെ ഗൂഢാലോചനയെ പരാജയപ്പെടുത്തിയ വന്ദേമാതരം ഇപ്പോഴും അഖണ്ഡതയുടെ ശക്തമായ പ്രചോദനമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ഇത് നമ്മുടെ ദേശീയഗീതമാണ്. ആത്മാഭിമാനത്തോടെ, ഉച്ചത്തിലും പൂര്‍ണ്ണമായും ആലപിക്കുന്നതില്‍ ഒരു മടിയോ എതിര്‍പ്പോ ഉണ്ടാകരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദേശീയ മൂല്യങ്ങളെ അടിസ്ഥാനമാക്കി, നമ്മുടെ മാതൃകയിലൂടെ മുഴുവന്‍ ലോകത്തിനും വികസനത്തിലേക്കുള്ള ഒരു പുതിയ പാത ഒരുക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ നാം ചെയ്യുന്നതെന്തും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ, ഐക്യം, സാമൂഹിക നീതി, പുരോഗതി, അന്തസ്സ് എന്നിവയ്‌ക്ക് അനുയോജ്യവുമായിരിക്കണമെന്ന് ജാഗ്രത പാലിക്കണം. ഭാരതത്തിന്റെ പരമവൈഭവവും വിശ്വഗുരു’ എന്ന നിലയിലുള്ള അതിന്റെ ഉദയവും സാധ്യമാകുന്നത് നമ്മളോരോരുത്തരുടെയും സമര്‍പ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിലൂടെ മാത്രമാണ്. ഈ ലക്ഷ്യം കൈവരിക്കാന്‍ മറ്റൊരു മാര്‍ഗമോ കുറുക്കുവഴിയോ ഇല്ലെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
















