തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത ആന്ധ്രാപ്രദേശ് സ്വദേശിനിയെ മനുഷ്യക്കടത്തിന് ഇരയാക്കി വിവിധ സ്പാകളിൽ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈംഗിക ചൂഷണത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിയെ പ്രതികൾ ക്രൂരമായി മർദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തതായും മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്.
നാഗലക്ഷ്മി (39), ഭർത്താവ് ഗോപി (29) എന്നിവരെ ആന്ധ്രാപ്രദേശിൽ നിന്നാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ സ്പാ ഉടമകളായ മാവേലിക്കര സ്വദേശി സജിത് കുമാർ (47), പൂവാർ സ്വദേശി നിശാന്ത് (46) എന്നിവർ റിമാൻഡിലാണ്. മാതാപിതാക്കൾ മരിച്ച പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ഇളയമ്മയും ഭർത്താവും മനുഷ്യക്കടത്ത് സംഘവുമായി ചേർന്ന് കുട്ടിയെ ചൂഷണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സ്പാകളിൽ ജോലിക്ക് എത്തിക്കാമെന്ന പേരിൽ ആദ്യം പെൺകുട്ടിയെ ചെന്നൈയിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് വിവരം. തുടർന്ന് കൂടുതൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ജൂലൈയിൽ കോവളത്തേക്ക് എത്തിച്ചു. കോവളത്തും വിഴിഞ്ഞത്തുമുള്ള വിവിധ സ്പാകളിൽ കുട്ടിയെ എത്തിച്ച് തുടർച്ചയായി പീഡിപ്പിച്ചതായാണ് പരാതി. ഒരു ദിവസം സ്പായിൽവെച്ച് പതിനഞ്ചോളം പേർ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴിയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പീഡനം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടി സ്പായിൽ ജോലി ചെയ്തിരുന്ന നെയ്യാർഡാം സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചുപോയി. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇളയമ്മ കോവളം പോലീസിൽ പരാതി നൽകി. യുവാവിന്റെ വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. വിവർത്തകന്റെ സഹായത്തോടെ നടത്തിയ കൗൺസിലിങ്ങിലാണ് ലൈംഗിക ചൂഷണത്തിന്റെയും മനുഷ്യക്കടത്തിന്റെയും വിവരങ്ങൾ പുറത്തുവന്നത്.
പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളിൽ പ്രായം 20 വയസ്സെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ആന്ധ്രാപ്രദേശിൽ പെൺകുട്ടി പഠിച്ചിരുന്ന സ്കൂളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ ലഭിച്ചു. കേസിൽ മനുഷ്യക്കടത്ത്, പോക്സോ, ബലാത്സംഗം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പെൺകുട്ടി ചെന്നൈയിലും ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടർന്ന് കോവളം പൊലീസ് മറ്റൊരു സീറോ എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഈ കേസ് ചെന്നൈയിലെ ഗുഡുവാഞ്ചേരി പോലീസിന് കൈമാറി.
പെൺകുട്ടിയെ ചൂഷണം ചെയ്തതായി സംശയിക്കുന്ന കോവളത്തെ രണ്ട് സ്പാകളിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്പാകളിൽ എത്തിയവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ ബുക്കുകൾ ഒളിപ്പിച്ചതായും അന്വേഷണസംഘത്തിന് സംശയമുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ പങ്കുള്ളവരെ കണ്ടെത്താനാണ് പോലീസിന്റെ നീക്കം.
ദക്ഷിണ മേഖല ഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
















